ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു,​ മരണം 27

Sunday 29 March 2020 10:41 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1025 ആയി. മരണസംഖ്യ 27 ആയി. ഇതുവരെ 96 പേർ രോഗം ഭേദമായി ആശുപത്രിവിട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.. അതേസമയം രാജ്യത്തുടനീളം 901 പേർ ചികിത്സയിൽ തുടരുകയാണ്.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 203 എണ്ണം. മഹാരാഷ്ട്രയിൽ ഞായറാഴ്ച പുതുതായി 22 കേസുകളും കേരളത്തിൽ 21 കേസുകളുമാണ് സ്ഥിരീകരിച്ചത്. കേരളത്തിൽ ആരോഗ്യമന്ത്രിയുടെ വാർത്താകുറിപ്പിൽ 20 കേസുകളെക്കുറിച്ചാണ് പറഞ്ഞതെങ്കിലും അതിന് ശേഷം ഇടുക്കി ജില്ലാ ഭരണകൂടം ഒരു കേസു കൂടി സ്ഥിരീകരിച്ചിരുന്നു. അതോടെയാണ് കേരളത്തിലെ കേസുകൾ 21 ആയത്.

അതേസമയം ലോകത്താകമാനം കൊറോണ മരണം 32,000 പിന്നിട്ടു. . കൊറോണ ഏറ്റവും കൂടുതൽ ആൾനാശം വരുത്തിയ ഇറ്റലിയിൽ മരണം 10,000 പിന്നിട്ടു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1.25 ലക്ഷം കടന്നു.