യുവാവിനെ തട്ടിക്കൊണ്ടു പോയി പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടിച്ചു, പൊലീസ് എത്തി മോചിപ്പിച്ചു
ബിഹാർ: പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു.പെൺകുട്ടിക്കൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് ഇയാൾ പൊലീസിനോട് വ്യക്തമാക്കിയതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. തട്ടിക്കൊണ്ടുപോയ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
പാറ്റ്നയിലെ വൈശാലിയിലാണ് സംഭവം.ഡോക്ടറെ കാണാനായി അച്ഛനൊപ്പം ബൈക്കിൽ പോവുകയായിരുന്ന അമിത് എന്ന യുവാവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ അഞ്ചംഗസംഘം അമിത്തിനെയും അച്ഛനെയും നടുറോഡിൽ തടഞ്ഞുനിറുത്തിയശേഷം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തൊട്ടടുത്ത ഗ്രാമമായ ബരുണ റാസൽപുരിലെത്തിച്ച് അമിത്തിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു പെൺകുട്ടിയുമായി വിവാഹം കഴിപ്പിച്ചു.
യുവാവ് എതിർത്തെങ്കിലും ബലമായി പിടിച്ചുവച്ച് ചടങ്ങുകൾ പൂർത്തിയാക്കി. യുവാവിന്റെ പിതാവ് ഇവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അമിത്തിനെ രക്ഷപ്പെടുത്തി.