കൊറോണയെ പ്രതിരോധിക്കാൻ മലേറിയയ്‌ക്കുള്ള ഗുളിക കഴിച്ച ഡോക്ടർക്ക് ദാരുണാന്ത്യം
ഗുവഹാത്തി: കൊറോണയെ പ്രതിരോധിക്കാനായി മലേറിയയ്ക്കുള്ള മരുന്ന് കഴിച്ച ഡോക്‌ടർ ഹൃദയാഘാതം മൂലം മരിച്ചു. അസമിലെ ഗുവഹാത്തിയിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉത്പൽജിത്ത് ബർമനാണ് മരിച്ചത്. മലേറിയയ്ക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനാണ് ഇയാൾ കഴിച്ചത്. തുടർന്ന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അതേ സമയം ഹൈഡ്രോക്‌സിക്ലോറോക്വിൻ തന്നെയാണോ മരണകാരണമെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഇയാൾ ഹൈഡ്രോക്‌സിക്ലോറോക്വിൻ എത്രയളവിൽ കഴിച്ചു എന്നതും വ്യക്തമല്ല. ഒരു പക്ഷേ, ഇതിന്റെ അളവ് കൂടിയതാകാമെന്നാണ് നിഗമനം.
കൊറോണയ്‌ക്കെതിരെ താൻ ഹൈഡ്രോക്‌സിക്ലോറോക്വിൻ കഴിച്ചുവെന്നും ചില അസ്വസ്ഥതകൾ നേരിടുന്നതായും ഡോക്‌ടർ തന്റെ സഹപ്രവർത്തകരിൽ ഒരാൾക്ക് വാട്‌സാപ്പ് സന്ദേശമയിച്ചിരുന്നു. ഡോക്‌ടർ ഉപദേശമില്ലാതെ സ്വയം മരുന്നെടുത്ത് കഴിക്കുകയായിരുന്നു. ആസാമിൽ ഇതേ വരെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിട്ടില്ല. വിദഗ്‌ദ്ധ നിർദ്ദേശമില്ലാതെ ആരും ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.