രാജ്യത്ത് വരാനിരിക്കുന്നത് നിർണായക ദിനങ്ങൾ, ലോക്‌ഡൗൺ നീട്ടുന്നതിനെ കുറിച്ച് മൗനം പാലിച്ചു കേന്ദ്ര ആരോഗ്യ മന്ത്രി

Thursday 02 April 2020 11:48 AM IST

ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങൾ നിർണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ. കോവിഡിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കും. നിലവില്‍ സമൂഹ വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺ ഫലപ്രദമാണ്. രാജ്യത്ത് വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ വാക്സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ല. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കോവിഡ് രോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്നതിൽ ആരോഗ്യമന്ത്രിയുടെ മറുപടി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവിൽ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 50 ആയി. 1965 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1764 പേർ ചികിത്സയിലുണ്ട്. 151 പേർക്ക് രോഗം ഭേദമായി.