21 ദിവസം മതിയാകില്ല, ലോക്ക് ഡൗൺ നീട്ടുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ

Tuesday 07 April 2020 3:57 PM IST

ന്യൂഡൽഹി: ഏപ്രിൽ പതിനാല് വരെ പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന് സൂചന നൽകി കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ ​ചർച്ചകളും ആലോചനകളും തുടരുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ലോക്ക് ഡൗൺ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് മറ്റു ചില സംസ്ഥാനങ്ങൾ നൽകിയ നിർദേശം. ഇതുവരെ പത്ത് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. മറ്റു പത്ത് സംസ്ഥാനങ്ങൾ കൂടി ഇതേ നിലപാട് എടുത്തേക്കും എന്നാണ് സൂചന.

കേരളമടക്കം പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല എല്ലാവരുടേയും അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപനം നടത്തും എന്നാണ് സൂചന. ആരോ​ഗ്യമേഖലയിലെ വിദ​ഗ്ദ്ധരെല്ലാം ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ പകുതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ തുടരണമെന്ന നിലപാട് അറിയിക്കുന്നത്. മേഘാലയില്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കുള്ള അവധി ഏപ്രില്‍ മുപ്പത് വരെ നീട്ടി. പൂര്‍ണ അടച്ച് പൂട്ടലില്‍ ഇളവ് വരുത്താമെങ്കിലും രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലകളില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം തുടരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.