ക്വാറന്റൈൻ നിരീക്ഷണം കഴിഞ്ഞിറങ്ങിയവർ കാറിൽ ചുറ്റി ചാരായ വിൽപ്പനയ്ക്കിടെ പിടിയിൽ
കൊട്ടാരക്കര: കൊവിഡ് ഗൃഹനിരീക്ഷണം കഴിഞ്ഞയുടൻ മാരുതി കാറിൽ കറങ്ങി വാറ്റ് ചാരായവിൽപ്പന നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. പോരുവഴി ഇടക്കാട് കുറ്റിക്കൽ മുക്കിൽ ആലുവിളയിൽവീട്ടിൽ ജിതിൻ(27) ഇടക്കാട് താഴത്ത് മുക്കിൽ സജി നിവാസിൽ അഭിദേവ്(20) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും അടുത്തിടെയാണ് ജിതിൻ നാട്ടിലെത്തിയത്. അഭിദേവ് ഗുജറാത്തിൽ നിന്നുമെത്തിയതാണ്. ഇരുവർക്കും ആരോഗ്യ പ്രവർത്തകർ ഗൃഹനിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇത് കഴിഞ്ഞയുടൻ വാറ്റ് ചാരായ വിൽപ്പനയിലേക്ക് ഇരുവരും കടന്നിരുന്നു. മറ്റൊരു വാറ്റ് കേന്ദ്രത്തിൽ നിന്നും ചാരായമെടുത്ത് ആവശ്യക്കാർക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് നൽകുന്നതായിരുന്നു രീതി. ഒരു ലിറ്റർ ചാരായത്തിന് 2500 രൂപയാണ് വാങ്ങിയിരുന്നത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് വാഹനവും 3 ലിറ്റർ വ്യാജ ചാരായവും മൂർച്ചയുള്ള ആയുധവും ഉൾപ്പടെ ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ എ.ഫിറോസിന്റെ നേതൃത്വത്തിൽ എസ്.ഐ പി.ശ്രീജിത്ത്, എ.എസ്.ഐമാരായ മധുസൂതനൻ, ചന്ദ്രമോൻ, പ്രദീപ്, ഹർഷാദ്, ഹരി, വനിതാ സി.പി.ഒ സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.