ആ മാന്ത്രികവടി ഉണ്ടായിരുന്നെങ്കിൽ...
കേരളം വലിയ വെല്ലുവിളികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ, മാണി സാറിനെപ്പോലൊരു മഹാമേരുവിന്റെ സാന്നിധ്യം ജനങ്ങൾക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുമായിരുന്നു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രായോഗിക സമീപനവും ഭാവനാത്മകമായ ഭരണനടപടികളും കേരളം പ്രയോജനപ്പെടുത്തുന്നത് നേരിൽക്കണ്ട വ്യക്തിയെന്ന നിലയിലാണ് ഞാൻ ഇതു പറയുന്നത്.
കേരളത്തിലെ ലോട്ടറി അന്യസംസ്ഥാന ലോട്ടറിക്കാർ കൈയടക്കുകയും, കോടിക്കണക്കിനു രൂപ ഇവിടെ നിന്ന് അവർ വാരിക്കൊണ്ടുപോകുകയും പാവപ്പെട്ട നിരവധി പേർ കൊടിയ ചൂഷണത്തിനു വിധേയരാകുകയും ചെയ്തപ്പോൾ യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതിയുടെ സാമ്പത്തിക സ്രോതസ് കാരുണ്യ ലോട്ടറിയായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ ഏറ്റവും ജനസമ്മതിനേടിയ പദ്ധതിയും കാരുണ്യ പദ്ധതിയാണ്. ഈ പദ്ധതി വിജയകരമാക്കിയത് മാണി സാറാണ്. രോഗശയ്യയിൽ കിടന്നപ്പോഴും മാണി സാർ കാരുണ്യയ്ക്കു വേണ്ടി പോരാടി. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവന കാരുണ്യ നിറുത്തലാക്കരുത് എന്നായിരുന്നു. എന്നാൽ ഇടതുസർക്കാർ കാരുണ്യ പദ്ധതി തന്നെ ഇപ്പോൾ ഏതാണ്ട് ഇല്ലാതാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ മനസിൽ ഇപ്പോഴും മാണി സാർ ജീവിച്ചിരിക്കുന്നതിൽ ഒരു ഘടകം കാരുണ്യ ചികിത്സാ പദ്ധതിയാണ്. കർഷകരുടെ രക്ഷകൻ കേരത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന വിഭാഗമാണ് റബർ കർഷകർ. കനത്ത വിലയിടിവു മൂലം നിരവധി കർഷകർ ആത്മഹത്യയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് റബർ കർഷകർക്കു വേണ്ടി യു.ഡി.എഫ് സർക്കാർ റബർ വില സ്ഥിരതാ ഫണ്ട് ആവിഷ്കരിച്ചത്. ഇതുകൊണ്ട് കർഷകർക്ക് പിടിച്ചുനില്ക്കാവുന്ന സാഹചര്യമുണ്ടായി. കേന്ദ്ര സർക്കാർ റബർ കർഷകർക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നപ്പോൾ മാണി സാർ രക്ഷകനായി രംഗത്തുവരുകയായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് 2004 ഡിസം 26 ന് കേരളത്തിൽ സുനാമി ആഞ്ഞടിച്ചത്. 176 പേർ മരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കേരളം സുനാമിക്കെതിരെ വലിയൊരു യുദ്ധത്തിലായിരുന്നു. ദിവസവും രാവിലെ മന്ത്രിസഭായോഗം, ഉച്ച കഴിഞ്ഞ് ദുരന്തമേഖലകളിൽ പര്യടനം എന്നതായിരുന്നു അന്നത്തെ എന്റെ ഷെഡ്യൂൾ. മന്ത്രിസഭാ യോഗങ്ങളിൽ മാണി സാർ നല്കിയ വിലപ്പെട്ട നിർദേശങ്ങൾ, സുനാമിയുടെ വിപത്തിനെ വിജയകരമായി മറികടക്കാൻ സഹായകമായി. കൊവിഡ് കാലത്ത് മാണി സാർ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മാന്ത്രിക വടിയിൽ നിന്ന് എന്തെങ്കിലുമൊരു അദ്ഭുതം പിറക്കുമായിരുന്നു! ഏതു പ്രതിസന്ധി ഘട്ടത്തെയും മറികടക്കാനുള്ള സിദ്ധിയും വൈഭവവും അനിതര സാധാരണമായ മെയ്വഴക്കവും ഈ പാലാക്കാരൻ സ്വായത്തമാക്കിയിരുന്നു. അന്നേ ആൾ ഗംഭീരൻ കോട്ടയത്ത് എന്റെ സീനിയർ നേതാവായിരുന്നു കെ.എം. മാണി സാർ. അന്ന് അദ്ദേഹം ഡി.സി.സി സെക്രട്ടറിയായിരുന്നു. ഞാൻ കെ.എസ്.യുക്കാരനും. കോട്ടയം ഡി.സി.സി ഓഫീസിനു മുന്നിലൂടെയാണ് ഞാൻ അന്ന് സി.എം.എസ് കോളേജിൽ പോയിരുന്നത്. അതുവഴി പോകുമ്പോൾ മാണി സാറിനെ പലവട്ടം കണ്ടിട്ടുണ്ട്. അന്നും കാണാൻ നല്ല ഗാംഭീര്യമാണ്. 1977ൽ എന്റെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കടുകട്ടിയാരിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഘടന അന്ന് ആകെ മാറിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോൾ പാലാ കെ.എം .മാത്യു സാർ വലിയ സഹായമായി കൂടെ നിന്നു. മാണി സാറിന്റെ സഹായവും തേടി. തുടർന്ന് അദ്ദേഹം ഈ പ്രദേശത്തെ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തു. അഞ്ചു യോഗങ്ങളിൽ പ്രസംഗിച്ചു. പാർട്ടിയുടെ എല്ലാവർക്കും നിർദ്ദേശം കൊടുത്തു. അതോടെ കളംമാറി. മിന്നുന്ന ജയംനേടുകയും ചെയ്തു. കേരള കോൺഗ്രസ് 1964 ൽ രൂപം കൊണ്ടപ്പോൾ മാണി സാർ പാർട്ടിയുടെ മുൻനിരയിലായി. രാഷ്ട്രീയത്തിൽ കുറേക്കാലം ഞങ്ങൾ രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. ചുരുങ്ങിയ കാലം മുന്നണി മാറിയും സഞ്ചരിച്ചു. എന്നാൽ ഊഷ്മളമായ സൗഹൃദത്തിന് ഒരിക്കൽലും ഇടിവു തട്ടിയിട്ടില്ല. ഞാൻ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളിൽ അദ്ദേഹം ധനം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 50 വർഷം ഞാൻ നിയമസഭയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം കൂടെയുണ്ടായിരുന്നു. മാണിയെന്ന കാന്തശക്തി മാണി സാറിന് ജനങ്ങളെ ആകർഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അവിടത്തെ ആളുകളുമായി ബന്ധം നിലനിറുത്തുന്നതിലും മാണി സാർ എനിക്കു ഗുരുവായി വരും. പാലായിലെ ഓരോ വോട്ടറെയും അദ്ദേഹം പേരെടുത്തു വിളിക്കുന്നതു കേൾക്കാം. പാലാക്കാരുടെ ചങ്കൂറ്റത്തിനു പിന്നിൽ മാണി സാറുണ്ട്. സാറുണ്ടെങ്കിൽ പിന്നൊന്നും പേടിക്കാനില്ലെന്നാണ് അവർ പറയുക. മാണി സാർ ഉണ്ടാക്കിയ ഒരു പൊതുപ്രവർത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാൻ നിർബന്ധിതരാകുകയോ ചെയ്തു. ജനപ്രതിനിധികൾ വികസനത്തിന്റെ പതാകാവാഹകരായത് മാണിസാർ കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി. മാണി സാറിന്റെ വിയോഗം പലർക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. ഏതു കാര്യത്തിലും ഉപദേശം തേടാൻ പറ്റിയ വ്യക്തിയായിരുന്നു. അതെനിക്ക് പലപ്പോഴും വലിയ ആത്മവിശ്വാസം നൽകിയിട്ടുമുണ്ട്.
(മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമാണ് ലേഖകൻ)