കൊവിഡ് പരത്തുന്നു, വനിതാ ഡോക്ടർമാരെ ആക്രമിച്ച അയൽവാസിയെ പിടികൂടി
ന്യൂഡൽഹി:വനിതാ ഡോക്ടർമാരെ ആക്രമിച്ച അയൽവാസിയെ ഡൽഹിപൊലീസ് പിടികൂടി. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാർക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ഗൗതം നഗറിലാണ് സംഭവം.
പഴങ്ങൾ വാങ്ങാനായി ഡോക്ടർമാർ വീട്ടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കൊവിഡ് -19 പരത്താനായി പുറത്തിറങ്ങി നടക്കുകയാണെന്ന് ആക്രോശിച്ചുകൊണ്ട് അയൽവാസി ഡോക്ടർമാരുടെ നേർക്ക് ഒാടിയെത്തി. ഇതിനെതിരെ പ്രതികരിച്ചപ്പോഴായിരുന്നു ആക്രമണം. ഡൽഹിയിൽ കഴിഞ്ഞദിവസങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
അതിനിടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ ഡൽഹിയിലെ ഇരുപത് ഹോട്ട്സ്പോട്ടുകൾ കഴിഞ്ഞദിവസം അടച്ചിരുന്നു.ഇൗ സ്ഥലങ്ങളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡൽഹിയിൽ മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.മുംബയിലും ചണ്ഡിഗഢിലും യു.പിയിലും നേരത്തേ പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയിരുന്നു.നിയന്ത്രണങ്ങൾ ലോക്ക്ഡൗൺ കഴിയുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് അറിയുന്നത്.