"മനസുകൊണ്ട് നാം അടുത്താണ്,​ കൂടെ ആരുമില്ല എന്ന തോന്നൽ മനസിൽ നിന്നെടുത്തു മാറ്റൂ" പ്രവാസികളോട് മോഹൻലാൽ പറയുന്നു

Thursday 09 April 2020 10:38 PM IST

തിരുവനന്തപുരം : കൊവിഡ് 19നെതുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങികിടക്കുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ. ഇവർക്ക് ആത്മവിശ്വാസം നൽകി മോഹൻലാൽ രംഗത്തെത്തി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മോഹൻലാൽ പ്രവാസികൾക്ക് സാന്ത്വനമേകുന്നത്. നാട്ടിലുള്ള കുടുംബങ്ങളെ ഓർത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓർത്ത്, സുരക്ഷിതത്വത്തെ ഓർത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങൾ. എന്നാൽ കൂടെ ആരുമില്ല എന്ന തോന്നൽ മനസിൽ നിന്നെടുത്തു മാറ്റൂ എന്ന് മോഹൻലാൽ അഭ്യർത്ഥിച്ചു. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസുകൊണ്ട് നാം എത്രയോ അടുത്താണെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകൾ

നമുക്ക് കാണാൻ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാൻ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികൾ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികൾ ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം. നാട്ടിലുള്ള കുടുംബങ്ങളെ ഓർത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓർത്ത്, സുരക്ഷിതത്വത്തെ ഓർത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങൾ. എന്നാൽ കൂടെ ആരുമില്ല എന്ന തോന്നൽ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളിൽ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോൾ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങൾ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോർത്ത് വിജയഗീതം പാടും- എന്ന് നിങ്ങളുടെ മോഹൻലാൽ.