ആന്ധ്രയിൽ കൊവിഡ് മരണം ആറായി, രോഗ ബാധിതർ 363

Friday 10 April 2020 12:00 PM IST

വിജയവാഡ: ആന്ധ്രയിൽ രണ്ട് കൊവിഡ് മരണങ്ങളും 15 പോസിറ്റീവ് കേസുകളും കൂടി റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് കേസുകളുടെ എണ്ണം 363 ആയി. വ്യാഴാഴ്ച രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് -19 മൂലം മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. പ്രകാശം ജില്ലയിൽ മാത്രം 11 പുതിയ കേസുകളും ഗുണ്ടൂർ 2, കടപ്പ, കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിൽ ഒരു കേസും വീതമാണ് റിപ്പോർട്ട് ചെയ്തത്.

മരിച്ച രണ്ട് പേരിൽ ഒരാൾ അനന്തപുർ സ്വദേശിയായ 70 കാരനാണ്. കൊവിഡ് 19 ലക്ഷണങ്ങളുമായി ഏപ്രിൽ ആറിന് അനന്തപുരിലെ സർക്കാർ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ച ഇയാൾക്ക് സാമ്പിൾ പരിശോധിച്ചശേഷം ഏപ്രിൽ 7 ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പക്ഷേ ഏപ്രിൽ 8 ന് മരണമടഞ്ഞു. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 45 കാരനാണ് മരിച്ച മറ്റൊരു രോഗി. ക്ഷയരോഗത്തിന്റെ അസുഖമുള്ള രോഗിയെ നഗരത്തിലെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 7 ന് അദ്ദേഹത്തിന്റെ ആരോഗ്യ നിലയും മോശമാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തു. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 15 പോസിറ്റീവ് കേസുകളിൽ, കിഴക്കൻ ഗോദാവരിയിൽ നിന്നുള്ള ഒരു രോഗിയ്ക്ക് കൊവിഡ് പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിക്കാത്തത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. അതേസമയം, വീടുതോറുമുള്ള സർവേയിലൂടെ 12,311 പേരെ നിരീക്ഷണത്തിലാക്കി. 1,754 പേരെ വീട്ടിൽ ഐസൊലേഷനിൽ തുടരാൻ ആവശ്യപ്പെട്ടു. 26 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചു. വ്യാഴാഴ്ച മാത്രം 3.5 ലക്ഷത്തോളം വീടുകളിൽ നടത്തിയ സർവേയിൽ 604 പേരെ വൈദ്യസഹായത്തിനായി റഫർ ചെയ്തു