എഴുത്ത് ലോക്ക് ആകെ ഡൗൺ!
ആലപ്പുഴ: പുതുവർഷം പുത്തൻ സംരംഭവുമായി സിനിമയിൽ വീണ്ടും സജീവമാകാനായിരുന്നു ഫാസിലിന്റെ തീരുമാനം. സംവിധായകന്റെയല്ല, നിർമ്മാതാവിന്റെ വേഷത്തിൽ. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് അപ്രതീക്ഷിതമായെത്തിയ കൊവിഡ് എല്ലാം തകിടംമറിച്ചത്.
ആലപ്പുഴ സീ വ്യൂ വാർഡിലെ 'ദാറുസ്സലാം' വീട്ടിൽ ഇപ്പോഴുള്ളത് ഫാസിലും ഭാര്യ റസീനയും ഇളയ മകനും നടനുമായ ഫർഹാനും മാത്രം. മൂത്ത മകൻ ഫഹദും ഭാര്യ നസ്രിയയും തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലാണുള്ളത്. ഷൂട്ടിംഗ് ഇല്ലെങ്കിലും യാത്രാനിയന്ത്രണമുള്ളതിനാൽ ഇവർക്ക് ആലപ്പുഴയിലെത്താനായില്ല.
പെൺമക്കൾ വിദേശത്താണ്.
തത്കാലം സംവിധാനമില്ലെങ്കിലും ഒരു ചിത്രം നിർമ്മിക്കാനായിരുന്നു ഫാസിലിന്റെ പ്ളാൻ. ദിലീഷ് പോത്തൻ-ശ്യാംപുഷ്കർ ടീമിനെ കൊണ്ട് പടം ചെയ്യിക്കാനും തീരുമാനിച്ചു. പ്രാരംഭജോലികൾ തുടങ്ങി. ഫഹദിനെയാണ് നായകനായി നിശ്ചയിച്ചത്. ചിത്രീകരണം നടക്കുന്ന 'തങ്കം' എന്ന ചിത്രം പൂർത്തിയാക്കി, ഫാസിലിന്റെ ചിത്രം തുടങ്ങാനായിരുന്നു അവരുടെ പദ്ധതി. പക്ഷെ എല്ലാം മുടങ്ങി.
"ലോക്ക് ഡൗണിലൂടെ വീണുകിട്ടിയ ഈ ഇടവേളയിൽ പുതിയൊരു തിരക്കഥ എഴുതുന്നതിനെക്കുറിച്ച് ഞാൻ പലവട്ടം ചിന്തിച്ചു. പക്ഷെ ഒന്നും ചെയ്യാനാവുന്നില്ല. രാജ്യത്തിനകത്തും പുറത്തും നിലനിൽക്കുന്ന സാഹചര്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസിന് വല്ലാത്തൊരു പിരിമുറുക്കം. പിന്നെ, സിനിമയിലെ അടുപ്പക്കാരെല്ലാം ഇപ്പോൾ വീടുകളിലുള്ളതുകൊണ്ട് ഫോൺവിളികൾ കൂടിയിട്ടുണ്ട് " ഫാസിൽ പറയുന്നു.