തലസ്ഥാനത്ത് 89 പേർ പിടിയിൽ
Saturday 11 April 2020 1:45 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ച 89 പേർക്കെതിരെ ഇന്നലെ കേസെടുത്തു. 47 വാഹനങ്ങൾ പിടിച്ചെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 70 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 19 പേർക്കെതിരെയുമാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടുതൽ കേസുകൾ വലിയതുറ, വഞ്ചിയൂർ, കോവളം സ്‌റ്റേഷനുകളിലാണ്. 47 വാഹനങ്ങൾ പിടിച്ചെടുത്തു. 37 ഇരുചക്ര വാഹനങ്ങളും 6 ആട്ടോറിക്ഷകളും 4 കാറുകളുമാണ് പിടിച്ചെടുത്തത്. സിറ്റി പൊലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരിശോധനയിലാണ് അനാവശ്യയാത്രകൾ നടത്തിയ കൂടുതൽ പേരും പിടിയിലായത്. മരുന്നും ഭക്ഷ്യവസ്തുക്കളും വാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആളുകളെ നഗരാതിർത്തി കടത്തിവിടുകയുള്ളൂ.