വീട്ടിനുള്ളിൽ വ്യാജവാറ്റ് : ദമ്പതികൾ പിടിയിൽ
ആര്യനാട്: വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാജ വാറ്റ് നടത്തിയ ദമ്പതികൾ പിടിയിൽ. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി.എസ് ഭവനിൽ ബിനുകുമാർ ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സത്യയുടെയും പേരിൽ കേസെടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9 ഓടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിലെ കുളിമുറിയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് അതീവരഹസ്യമായി പ്രത്യേക രീതിയിൽ ക്രമീകരിച്ചാണ് ചാരായം വാറ്റിയത്. രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിൽ വീട്ടിന്റെ മതിൽ കടന്ന് എത്തുമ്പോൾ കുളിമുറിയിൽ ഭാര്യയും ഭർത്താവും ചാരായ വാറ്റിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 55 ലിറ്റർ കോടയും, 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇവിടെ നിന്നു പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ, പ്രിവൻറ്റീവ് ആഫീസർ മധുസൂദനൻ നായർ സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതീഷ്, ഷംനാദ് , രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വ്യാജ വാറ്റോ വില്പനയോ സംബന്ധിച്ച വിവരങ്ങൾ 0471-2470418 എന്ന നമ്പറിൽ അറിയിക്കാമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
നെയ്യാറ്രിൻകരയിൽ ഏഴ് ലിറ്റർ ചാരായവുമായി നാലുപേർ പിടിയിൽ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ രണ്ട് കേസുകളിൽ 7 ലിറ്റർ ചാരായവുമായി നാല് പേർ പിടിയിലായി. ബാലരാമപുരം സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ മുജീബ്,സാഗർ ഷാ,സുധീർ,കുമാർ എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ ഉപയോഗിച്ചിരുന്ന ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറസ്റ്റിനിടെ ഓടി രക്ഷപെട്ട ആലുവിള ഊത്തി സുര എന്നറിയപ്പെടുന്ന സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്‌പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷാജു,സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,ശങ്കർ,വിനോദ്,പ്രശാന്ത്,പ്രവീൺ,ബിജുകുമാർ,ലിന്റോ,ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഫോട്ടോ: നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ രണ്ട് കേസുകളിലായി പിടിച്ചെടുത്ത ഏഴ് ലിറ്റർ ചാരായവും പിടിയിലായ നാല് പ്രതികളും
വെള്ളറടയിൽ നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി
വെള്ളറട: മലയോര മേഖലകളിലെ അഞ്ചു വാറ്റു കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ കോടയും വാറ്റ്ഉപകരണങ്ങളും ചാരായവും പിടികൂടി. ആറാട്ടുകുഴി താതുവിൽ എക്സൈസുകാർ കോട നശിപ്പിച്ചു. കോവില്ലൂർ മീതിയിൽ വെള്ളറട പൊലീസ് കോടയും ചാരായവും പിടികൂടി. കഴിഞ്ഞ ദിവസം കോവില്ലൂർ ചെപ്പള്ളി കാവിനുള്ളിൽ നിന്ന് വാറ്റ് ഉപകരണങ്ങൾ വെള്ളറട പൊലീസ് കണ്ടെടുത്തു. അമ്പൂരിയിൽ നിന്ന് ചാരായം വാറ്റികൊണ്ടിരുന്ന സ്ത്രീയെ എക്സൈസ് അധികൃതർ പിടികൂടി.
ഫോട്ടോ.... വെള്ളറട എസ്.ഐ സതീഷ് ശേഖറിന്റെ നേതൃത്വത്തിൽ കോവില്ലൂർ ചെപ്പള്ളി കാവിനുള്ളിൽ നടന്ന റെയ്ഡിൽ വാറ്റ് ഉപകരണങ്ങൾ പിടികൂടിയപ്പോൾ
കല്ലമ്പലത്ത് രണ്ടുപേർ പിടിയിൽ
കല്ലമ്പലം: പള്ളിക്കലിൽ ചാരായവും കോടയുമായി രണ്ടു പേർ പിടിയിൽ. പൈവേലി ആയിരവില്ലി ചരുവിള പുത്തൻ വീട്ടിൽ അശോകൻ (52), സമീപവാസിയായ ബിജു വിലാസത്തിൽ ബിജു (40) എന്നിവരാണ് പിടിയിലായത്. പള്ളിക്കൽ എസ്.ഐ പി. അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അശോകന്റെ വീട്ടിൽ നിന്ന് 250 മില്ലി ലിറ്റർ വ്യാജ ചാരായവും, 23 ലിറ്റർ കോടയും കണ്ടെടുത്തത്.
ചിത്രം: അറസ്റ്റിലായ ബിജു, അശോകൻ