കുടുംബ ബന്ധങ്ങൾ ആനന്ദകരമാക്കാം

Saturday 11 April 2020 1:46 AM IST

കിളിമാനൂർ: ജീവിതത്തിന്റെ സൗന്ദര്യമാണ് ബന്ധങ്ങൾ. വ്യക്തി കുടുംബ സാമൂഹ്യ തലങ്ങളിൽ നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്നവർക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വർദ്ധിക്കും. അത് ജീവിത വിജയത്തിന് ഏറെ സഹായിക്കും. മാനുഷിക പരിഗണനയും അംഗീകാരവുമാണ് പരസ്‌പരബന്ധത്തിന്റെ അടിവേര്. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തിരക്കിട്ട ജീവിതത്തിനിടയിൽ പരസ്‌പരം സംസാരിക്കാനോ വിഷമങ്ങൾ പങ്കുവയ്ക്കാനോ വീട്ടിലുള്ളവർ ശ്രദ്ധിക്കാറില്ല. ബന്ധങ്ങൾ ശിഥിലമാകാൻ ഇത് പലപ്പോഴും കാരണമാകുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീട്ടിൽ തന്നെ കാണും. കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നും പരസ്‌പര സഹായത്തോടെ വീടുകളിൽ എന്തൊക്കെ മാറ്റം വരുത്താമെന്നും മനസിലാക്കൂ.

വീട്ടിലൊരു പൂന്തോട്ടം

മുറ്റത്തൊരു പൂന്തോട്ടം ഏവരുടെയും സ്വപ്‌നമാണ്. ഒരു പൂന്തോട്ടം ഈ ലോക്ക് ഡൗണിൽ നിർമ്മിച്ചാലോ. മുറ്റത്ത് പല കോണുകളിലായി കിടക്കുന്ന ചെടിച്ചട്ടികളെ എത്തിച്ച് വീട്ടിലുള്ളതും അയൽ വീടുകളിൽ നിന്നു ശേഖരിച്ചും ഗ്രോ ബാഗുകളിലും കുപ്പികളിലും ചെടികൾ നടാം. വീട്ടിലുള്ള എല്ലാവരും ചേർന്ന് രാവിലെയും വൈകിട്ടും ഇതിന് വെള്ളം ഒഴിക്കുന്നതും ഐക്യവും ഒത്തൊരുമയും വർദ്ധിപ്പിക്കും.

പഴമയുടെ രുചിയിൽ സദ്യ

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിൽ നിന്ന് മാറി, പഴമയുടെ രുചിയിൽ സദ്യ ഒരുക്കാം. വീട്ടിലെല്ലാവരും ചേർന്ന് എല്ലാവരുടെയും ഇഷ്ടങ്ങൾക്കു പ്രാധാന്യം നൽകി ആദ്യം ഒരു മെനു തയ്യാറാക്കണം. ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതും പാത്രം കഴുകുന്നതും അടക്കമുള്ള ജോലികൾ എല്ലാവർക്കും വീതിച്ചെടുക്കാം. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരുടെ ഓർമ്മയിലെ നാടൻ വിഭവങ്ങൾ ചോദിച്ചറിഞ്ഞ് വീട്ടിൽ പരീക്ഷിച്ചുനോക്കാം. എല്ലാവരും ഒത്തുകൂടുന്ന ഇത്തരം നിമിഷങ്ങൾ ഓർത്തുവയ്‌ക്കുന്നതാക്കി മാറ്രാം.

ഹലോ! അവിടെ എല്ലാർക്കും സുഖമല്ലേ

വേനൽക്കാലത്തും അവധിക്കാലങ്ങളിലും ബന്ധുവീടുകൾ സന്ദർശിക്കുന്നതു മുമ്പ് പതിവായിരുന്നു. തിരക്കുകൾക്കിടയിൽ ഇങ്ങനെയുള്ള യാത്രകളും ഫോൺ വിളിയും ഇല്ലാതായി. പുതുതലമുറയ്ക്ക് ബന്ധുക്കളെ പലരെയും അറിയാത്ത സ്ഥിതിയായി. ലോക്ക് ഡൗൺ ദിവസങ്ങളിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ലിസ്റ്റ് ഉണ്ടാക്കി, അവരെ വിളിച്ച് സുഖവിവരം അന്വേഷിക്കാം. എല്ലാവരെയും കണ്ടു സംസാരിക്കാൻ വീഡിയോ കാളും ചെയ്യാം. വീട്ടിലെ പഴയ ആൽബങ്ങളെടുത്ത് ബന്ധുക്കളെ ഓർത്തെടുക്കാൻ കുട്ടികളെ സഹായിക്കുകയും ചെയ്യാം.

വിനോദങ്ങൾ

മൊബൈൽ ഫോൺ ഉപയോഗത്തിനൊപ്പം വീട്ടുകാർക്ക് എല്ലാവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ചെറിയ കളികളുമായി നമുക്ക് സന്തോഷം പങ്കിടാം. അന്താക്ഷരി, കാരംസ്, ചെസ്, ഏണിയും പാമ്പും അങ്ങനെ എല്ലാവർക്കും അറിയാവുന്ന ഇഷ്ടപ്പെട്ട എന്തെങ്കിലും ഒരുമിച്ചിരുന്നു കളിക്കാം. പലപ്പോഴും ഇത്തരം സമയങ്ങൾ കിട്ടാറില്ലെന്നതാണ് സത്യം.

ഒരുമിച്ച് വീടൊരുക്കാം

നിലവിലെ ഫർണിച്ചറുകൾ യഥാസ്ഥലത്ത് നിന്ന് മാറ്റിയിട്ട്, ഒതുക്കിവച്ച് മുറിയിൽ കൂടുതൽ സ്ഥലം കിട്ടുന്ന വിധത്തിൽ റീ അറേഞ്ച് ചെയ്യാം. കൂടുതൽ ഭംഗിയായി സ്ഥലം ലാഭിക്കുന്ന തരത്തിൽ വീട്ടുപകരണങ്ങൾ റീ അറേഞ്ച് ചെയ്യാൻ നമുക്കാകും. ഡൈനിംഗ് ടേബിളിന് നടുക്കായി ഒരു ഫ്ലവർ വെയ്സ് വയ്ക്കാം. ജനലിന്റെയും വാതിലുകളുടെയും കർട്ടണുകൾക്ക് മാറ്റം വരുത്താം. വേണമെങ്കിൽ ഓരോ മുറിയുടെ ചുമതല ഓരോരുത്തർ ഏറ്റെടുക്കട്ടെ.

സെൽഫി കോർണർ

കുടുംബചിത്രങ്ങളും പ്രിയപ്പെട്ട പുസ്‌തകങ്ങളും ഓമനിച്ചുവളർത്തുന്ന ഇൻഡോർ പ്ലാന്റുമൊക്കെ ചേർത്ത് ഒരു സെൽഫി കോർണർ തയ്യാറാക്കാം. ഈ സെൽഫി കോർണറിൽ നിന്ന് കുടുംബാംഗങ്ങളെല്ലാം ചേർന്ന് ഒരു സെൽഫിയെടുക്കൂ. ഈ ഫോട്ടോകൾ കുടുംബ ഗ്രൂപ്പുകളിലും ഇടാം. അവരും ചിത്രങ്ങൾ ഇടട്ടെ.

പഴമയിലേക്ക് പോകാൻ അവസരം - പ്രതികരണം

----------------------------------------------------------------------

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രതിസന്ധികളെ തരണം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അതിന് പ്രധാന കാരണം പ്രശ്‌നങ്ങൾ പരസ്‌പരം ചർച്ച ചെയ്യുന്നില്ല എന്നതാണ്. ഇന്ന് പ്രശ്‌ന പരിഹാരത്തിന് കൗൺസലിംഗ് വിദഗ്ദ്ധരെയും ഡോക്ടർമാരെയുമാണ് ആശ്രയിക്കുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാവരുമായും തുറന്നു സംസാരിക്കാം. മുത്തച്ഛൻമാർക്കൊപ്പവും മുത്തശ്ശിമാർക്കൊപ്പവും കൂടി പഴഞ്ചൊല്ലുകളും പഴമൊഴികളും കേട്ട് അതിലെ ഗുണപാഠങ്ങൾ ഉൾക്കൊള്ളാം. വീട്ടിലെ എല്ലാ കാര്യങ്ങളും പരസ്‌പരം പങ്കുവയ്‌ക്കാം. എല്ലാ തിരക്കും ടെൻഷനും മാറ്റിവച്ച് കുടുംബത്തോടൊപ്പം പങ്കുചേർന്ന് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാം.

ഡോ. സുനിൽ രാജ്,

ഫാമിലി കൗൺസലിംഗ് വിദഗ്ദ്ധൻ,

ഹയർ എഡ്യൂക്കേഷൻ റിസോഴ്സ്.