കൊവിഡ് കാലത്ത് പ്രതീക്ഷയുടെ പൊസിറ്റിവിറ്റിയുമായി ഇവർ

Saturday 11 April 2020 12:05 AM IST

റോം: കൊവിഡ് കാലത്തെ നെഗറ്റീവ് വാർത്തകൾക്കിടയിലും ലോകത്തിന്റെ അങ്ങിങ്ങ് നിന്ന് പ്രതീക്ഷയുടെ പൊസിറ്റീവ് വാർത്തകളും ഉയർന്നുവരുന്നുണ്ട്. ഇറ്റലിയിൽനിന്നും നെതർലൻഡ്സിൽനിന്നുമാണ് ഇത്തരത്തിൽ പുതിയ രണ്ടുവാർത്തകൾ പുറത്തുവരുന്നത്.

ഇറ്റലിയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തതായാണ്​ ഇറ്റാലിയൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്​. മാർച്ച്​ 18നാണ്​ കൊവിഡ്​ ലക്ഷണങ്ങളുമായി കുഞ്ഞിനെയും ന്യൂമോണിയയുമായി അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രാജ്യത്ത്​ കോവിഡ്​ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും ഈ കുഞ്ഞാണ്​.

ഇറ്റലിയിൽ 103 വയസ്സുള്ള ആഡ സനുസ്സോ എന്ന മുത്തശ്ശിയും കൊവിഡിനെ അതിജീവിച്ചു. ധൈര്യവും വിശ്വാസവുമാണ്​ രോഗമുക്​തി നേടാൻ സഹായിച്ചത്​. രോഗം ബാധിച്ചവർ തളരരുത്​. താൻ സുഖമായിരിക്കുന്നതായും ടി.വി കാണുകയും പത്രം വായിക്കുകയും ചെയ്യുന്നതായും ആഡ സനുസ്സോ പറഞ്ഞു. ഇറ്റലിക്ക്​ ഏറെ പ്രതീക്ഷ നൽകുന്നതാണ്​ ഈ മുത്തശ്ശിയുടെ അതിജീവനം.

നെതർലൻഡ്​സിൽ 107കാരിയായ കൊർണീലിയ റാസ് കൊവിഡ്​ മുക്​തയായി. രോഗബാധയിൽ നിന്ന്​ മുക്​തി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്​തിയാണ്​ കൊർണീലിയ റാസ്​. മാർച്ച്​ 17ന്​ 107ാം ജന്മദിനത്തിലാണ്​ ഈ മുത്തശ്ശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.