ലോക്ക് ഡൗണിനെ അനുകൂലിച്ച് കൂടുതൽ സംസ്ഥാനങ്ങൾ , കേന്ദ്ര തീരുമാനം ഇന്ന്
ന്യൂഡൽഹി:
ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന ലോക്ക് ഡൗൺ സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരാനിരിക്കെ, അടച്ചിടൽ തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ വ്യക്തമായ സൂചന നൽകി. രോഗവ്യാപനം തടയാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു പറഞ്ഞ മന്ത്രി, എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പറഞ്ഞു.
വ്യാഴാഴ്‌ച ഒഡിഷ സ്വന്തം നിലയ്‌ക്ക് ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടിയതിനു പിന്നിലെ ഇന്നലെ പഞ്ചാബും അടച്ചിടൽ കാലയളവ് ദീർഘിപ്പിച്ചിരുന്നു. കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടുന്നതിനെ അനുകൂലിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ, ചെറിയ ചില ഇളവുകളോടെ രാജ്യവ്യാപക ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാനാകും കേന്ദ്ര തീരുമാനമെന്നാണ് സൂചന. കൊവിഡ് വ്യാപനം പൂർണമായി തടയാൻ അഞ്ച്- ആറ് ആഴ്‌ചകൾ വേണ്ടിവരുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി സൂചിപ്പിച്ചത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 896 പുതിയ കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്‌തു. ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. ആകെ മരണം 206 ആയി. രോഗികൾ 6700 കടന്നു
ഈ മാസം 14 ന് അവസാനിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും ഇന്ന് വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്യും. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് കക്ഷി നേതാക്കളുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
പിന്തുണയുമായി സംസ്ഥാനങ്ങൾ
ലോക്ക്ഡൗൺ തുടരണമെന്ന് പല സംസ്ഥാനങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടി ഒഡീഷ അതു ആദ്യം നടപ്പാക്കി.
ഇന്നലെ പഞ്ചാബ് മന്ത്രിസഭാ യോഗമാണ് ലോക്ക് ഡൗൺ മേയ് 1 വരെ നീട്ടാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് രോഗവ്യാപനം രണ്ടാം ഘട്ടത്തിലാണ്.
തമിഴ്നാട്ടിൽ ലോക്‌ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു. റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്കു കൈമാറി.
തെലങ്കാനയും ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാടിലാണ്. ഇന്ന് സംസ്ഥാന മന്ത്രിസഭ ഇത് ചർച്ചചെയ്യും.
രോഗവ്യാപനം രൂക്ഷമായ 15 ജില്ലകൾ ഇന്നലെ അടച്ചുപൂട്ടിയ മദ്ധ്യപ്രദേശ് സർക്കാരും ലോക്ക് ഡൗൺ നീട്ടുന്നതിനോട് അനുകൂലം.
കേരളം, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസം, ഗോവ, കർണാടക, ജമ്മു കാശ്‌മീർ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടുന്നതിന് അനൂകൂലം.