ലോകത്ത് കൊവിഡ് മരണം ഒരുലക്ഷം കടന്നു,​ രോഗികളുടെ എണ്ണം പതിനാറ് ലക്ഷം കടന്നു

Saturday 11 April 2020 12:45 AM IST

ന്യൂയോർക്ക്: ലോകരാജ്യങ്ങളിൽ കൂട്ടസംഹാരം തുടരുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്നലെ രാത്രി ഒരു ലക്ഷം കടന്നു.രാത്രി 10 മണി വരെ ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തത് 100,157 മരണമാണ്. മൊത്തം രോഗികളുടെ എണ്ണം പതിനാറ് ലക്ഷം കടന്നു.( 1,639,772 )

ലോകത്തേറ്റവും കൂടുതൽ രോഗികൾ അമേരിക്കയിലാണ് - അഞ്ചുലക്ഷം. ഇതിൽ മൂന്നിലൊന്നും ന്യൂയോർക്ക് നഗരത്തിലാണ്. 1. 62ലക്ഷത്തിലധികം. ന്യൂയോർക്കിൽ ആകെ മരണം 7000 കവിഞ്ഞു.

9/11 എന്ന് കുപ്രസിദ്ധമായ ഭീകരാക്രമണത്തിന് ശേഷം ന്യൂയോർക്ക് നഗരത്തെ വിറപ്പിക്കുന്ന ഏറ്റവും വലിയ ഭീകരതയാണ് കൊവിഡ്. നഗരത്തിൽ മൃതദേഹങ്ങൾ നിറയുന്നു.അമേരിക്കയിൽ ആകെ മരണം 17,838. ഇറ്റലിയിലാണ് കൂടുതൽ മരണം -18279. സ്പെയിനിൽ മരണം 16000 ആയി.

ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഇല്ല

കൊവിഡ് വൈറസ് സമൂഹ്യവ്യാപനം ഇന്ത്യയിൽ നടന്നതായുള്ള തങ്ങളുടെ മുൻ റിപ്പോർട്ടിൽ പിശക് പറ്റിയെന്നും,​ ഇന്ത്യയിൽ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്നും ലോകാരോഗ്യസംഘടന വെളിപ്പെടുത്തി. കഴിഞ്ഞദിവസം ലോകാരോഗ്യസംഘടന കൊവിഡ് 19 ബാധിച്ച ലോകരാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. അതിൽ ഇന്ത്യയിൽ സാമൂഹ്യവ്യാപനം നടന്നു എന്നായിരുന്നു. ഇന്ത്യയിൽ കൂടുതൽ കേസുകൾ ഉണ്ടായപ്പോഴും കേന്ദ്ര സർക്കാർ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചയാൾക്ക് അത് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താൻ കഴിയാതെ വരുമ്പോഴാണ് സാമൂഹ്യവ്യാപനം നടന്നെന്ന് പറയുന്നത്. എന്നാൽ, ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിലെല്ലാം സമ്പർക്കം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.