ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന
Saturday 11 April 2020 1:11 AM IST
ന്യൂഡൽഹി: കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് ഇരട്ടി ശമ്പളം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. സർവകക്ഷി യോഗത്തിനു ശേഷം വീഡിയോ കോൺഫറൻസിലൂടെ ആരോഗ്യ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടർമാർ, നഴ്‌സുമാർ, ക്ലാസ് നാല് ജീവനക്കാർ, ലാബ് ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇരട്ടി ശമ്പളം നൽകാനാണ് തീരുമാനം. ഹരിയാനയിലെ എല്ലാ ജില്ലകളിലും പ്രത്യേക കൊറോണ ആശുപത്രികൾ ഒരുക്കിയിട്ടുമുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഭാഗമായി ജീവൻ നഷ്ടപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 30 ലക്ഷം രൂപ നൽകുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ആരോഗ്യപ്രവർത്തകർക്ക് ഇരട്ടി ശമ്പളം ഒരു സർക്കാർ പ്രഖ്യാപിക്കുന്നത്.