അമേരിക്കയിൽ വൈറസിന്റെ ഭീകരാക്രമണം : മരണം 20,​000 കടന്നു

Saturday 11 April 2020 10:21 PM IST

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ കൊവിഡ് -19 ഭീകരാവസ്ഥ പ്രാപിക്കുന്നതായി റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണത്തിലും (5.06 ലക്ഷം)​​ മരണത്തിലും (20,​000)​ ലോകത്ത് ഒന്നാമതെത്തി. ഇറ്റലിയാണ് മരണനിരക്കിൽ രണ്ടാമത്. -18,841മരണം.

ഇന്നലെ മാത്രം അമേരിക്കയിൽ 2000ത്തിലേറെ പേർ മരിച്ചു. ലോകത്താകെ രോഗബാധിതരിൽ 17.22 ലക്ഷം. ഇതിൽ നാലിലൊന്നും അമേരിക്കയിലാണ്.

 സ്‌പെയിനിൽ 24 മണിക്കൂറിനിടെ 510 മരണം. കഴിഞ്ഞ 17 ദിവസത്തെ കുറവ് മരണ നിരക്കാണിത്.

 ഇറ്റലിയിൽ 570 മരണം. മേയ് മൂന്ന് വരെ ലോക്‌ഡൗൺ. ഇറ്റലിയെ സഹായിക്കാൻ യു.എസ്. സൈന്യം.

 ബ്രിട്ടനിലും ഫ്രാൻസിലും ജർമ്മനിയിലും മരണനിരക്ക് കൂടുതലാണ്. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 908 പേരും ഫ്രാൻസിൽ 987 പേരും മരിച്ചു.

 ജർമ്മനിയിൽ മരണം 3000ത്തോളം. ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ യഥാക്രമം, 3346 ഉം 2511ഉം മരണം.

 ആഫ്രിക്കൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്നു. വരുന്ന ആഴ്ചകളിൽ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

 ഹംഗറിയിൽ ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനത്തിന് ശമനമില്ല.

 യൂറോപ്യൻ യൂണിയൻ 27 രാജ്യങ്ങൾക്ക് 55,000 കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. ഏറിയ പങ്കും സ്‌പെയിനിനും ഇറ്റലിക്കും.

 കുവൈറ്റിൽ വൈകിട്ട് അഞ്ച് മുതൽ രാവിലെ ആറ് വരെയുള്ള കർഫ്യൂ മുഴുവൻ സമയമാക്കിയേക്കും. സ്വന്തം രാജ്യങ്ങളിലേക്കു പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വിമാന സൗകര്യം ഒരുക്കും.

 മദീനയിൽ ചില ഭാഗങ്ങളിൽ കർഫ്യൂ.

 ബഹ്റൈനിൽ വിദേശികൾക്ക് പരിശോധനാ ഫീസില്ല.

 അർമേനിയയിൽ അടിയന്തരാവസ്ഥ 30 ദിവസം കൂടി നീട്ടി.

 ബംഗ്ലാദേശിൽ റോഹിൻഗ്യൻ ക്യാമ്പുകളിൽ ഉൾപ്പടെ ലോക്‌ഡൗൺ 11ദിവസത്തേക്ക് കൂടി നീട്ടി.

 അർജന്റീനയിലെ പ്രധാന നഗരങ്ങളിൽ ലോക്‌ഡൗൺ തുടരും.

 വിയറ്റ്നാം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും.

 തുർക്കിയിലും ലോക്ക്ഡൗൺ.