കൊവിഡ് ബാധിച്ച് 3,336 ഇന്ത്യക്കാർ വിദേശത്ത്: കേന്ദ്രം,​ മരിച്ചത് 25 പേർ

Thursday 16 April 2020 10:33 PM IST

ന്യൂഡൽഹി : ഗൾഫ് നാടുകളിലടക്കം വിദേശരാജ്യങ്ങളിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്നത് 3,336 ഇന്ത്യക്കാരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 25 പ്രവാസികൾ മരണത്തിന് കീഴടങ്ങി. രോഗബാധിതർ 53 രാജ്യങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണെന്ന് അധികൃതർ പറയുന്നു. ഇതിൽ ഏറിയ പങ്കും ഗൾഫ് രാജ്യങ്ങളിലാണെന്ന് കേരളത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറിയ പങ്കും മലയാളികളെന്നതാണ് ഇതിന് കാരണം. കുവൈറ്റ് (785), , ഖത്തർ (420), ഇറാൻ (308), ഒമാൻ (297),യു.എ.ഇ (238), സൗദി അറേബ്യ (189), ബഹറൈൻ (135) എന്നിങ്ങനെയാണ് ഗൾഫിൽ നിന്നുള്ള കണക്കുകൾ.


ഗൾഫ് മേഖലയിൽ രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്തെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നുള്ള ആവശ്യം ശക്തമാക്കുകയാണ് മലയാളികൾ നേതൃത്വം നൽകുന്ന പ്രവാസി ലീഗൽ സെല്ല് അടക്കമുള്ള സംഘടനകളും പ്രതിപക്ഷവും. എന്നാൽ ഇപ്പോൾ യാത്ര അനുവദിക്കുന്നതും പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതും ലോക്ക് ഡൗൺ പരാജയപ്പെടാൻ ഇടയാക്കുമെന്നതാണ് കേന്ദ്ര നിലപാട്. ഇത് ശരിവച്ച് പ്രവാസികൾ ഇപ്പോൾ ഏതു രാജ്യത്താണെങ്കിലും അവിടെ തുടരുന്നതാണ് അഭികാമ്യമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയും വിധിച്ചിരുന്നു.. അതേസമയം, അവരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.