നടുക്കടലിൽ രണ്ട് മാസം : 32 റോഹിൻഗ്യൻ അഭയാർത്ഥികൾ പട്ടിണി കിടന്ന് മരിച്ചു ,382 പേരെ രക്ഷപ്പെടുത്തി
ധാക്ക: കൊവിഡ് -19 ൽ കുടുങ്ങി രണ്ടുമാസത്തോളം കരയ്‌ക്കടുപ്പിക്കാൻ സാധിക്കാതെ കടലിൽ അലഞ്ഞ കൂറ്റൻ ബോട്ടിൽ പട്ടിണികിടന്ന് 32 റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് ദാരുണാന്ത്യം. ബോട്ടിലുണ്ടായിരുന്ന 382 പേരെ ബംഗ്ലാദേശ് തീരരക്ഷാസേന രക്ഷപ്പെടുത്തി. മരിച്ചവരുടെ ശരീരങ്ങൾ കടലിലെറിഞ്ഞതായി രക്ഷപ്പെട്ടവർ വെളിപ്പെടുത്തി.
ബംഗ്ലാദേശ് തീരത്തെ ക്യാമ്പിൽ നിന്ന് 414 റോഹിൻഗ്യൻ അഭയാർത്ഥികൾ വലിയ ഫിഷിംഗ് ബോട്ടിൽ മലേഷ്യയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. കൊവിഡ് പശ്ചാത്തലത്തിൽ മലേഷ്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ, ബോട്ട് കരയ്ക്കടുപ്പിക്കാനാകാതെ 58 ദിവസത്തോളം കടലിൽ അലഞ്ഞുതിരിഞ്ഞു.
വിവരം ലഭിച്ച ബംഗ്ളാദേശ് തീര രക്ഷാസേന മൂന്ന് ദിവസങ്ങളായി നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച രാത്രിയോടെ ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 382 പേരും പട്ടിണികൊണ്ട് അവശനിലയിലായിരുന്നു. സ്ത്രീകളും കുട്ടികളുമായിരുന്നു ഏറെയും. വിശന്ന് തളർന്നതിനാൽ പലർക്കും നേരെ നിൽക്കാനാവില്ലായിരുന്നു.
അഭയാർത്ഥികളെ അയൽരാജ്യമായ മ്യാൻമറിലേക്ക് അയയ്ക്കാനാണ് ബംഗ്ളാദേശ് സർക്കാരിന്റെ തീരുമാനം.
'ഇവർ ബംഗ്ലാദേശിൽ നിന്നാണോ മ്യാൻമറിൽ നിന്നാണോ പോയതെന്ന് വ്യക്തമല്ല. കടൽത്തീരത്ത് എത്തിച്ച ഇവരിൽ കൊവിഡ് ബാധിതരുണ്ടോ എന്നറിയാൻ ചോദ്യം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്.' - ബംഗ്ലാദേശ് തീര രക്ഷാസേന വക്താവ് പറഞ്ഞു.