സംസ്ഥാന സർക്കാർ നിർദ്ദേശം സ്വാഗതാർഹം : ജി.വിജയരാഘവൻ

Friday 17 April 2020 2:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രതയുടെ അടിസ്ഥാനത്തിൽ നാലു മേഖലകളാക്കി നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം സ്വാഗതാർഹമാണെന്ന് പ്രമുഖ ടെക്നോക്രാറ്രായ ജി.വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫ് നിശ്ചയിച്ച വിദഗ്ദ്ധ സമതിയും കൊവിഡ് പ്രഭാവത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം മേഖലകൾ തിരിക്കുന്ന കാര്യം എടുത്തു പറഞ്ഞിരുന്നതായും ആ കമ്മിറ്രി അംഗം കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.

നിർദ്ദേശങ്ങൾ

എല്ലാ സംസ്ഥാനാതിർത്തിയിലും കർശന നിയന്ത്രണം ഉണ്ടാക്കുകയും ഒരു വഴിയിൽ കൂടി മാത്രം നിബന്ധനകളോടെ ആളുകളെ കടത്തിവിടുകയും ചെയ്യണം.

 ഏതൊക്കെ വ്യവസായം എപ്പോൾ തുറക്കുമെന്ന് കൃത്യമായി നിശ്ചയിക്കണം. ഐ.ടി മേഖലയിൽ വിസ്തീർണത്തിനനുസരിച്ച് 10, 20 ശതമാനം വച്ച് ക്രമാനുഗതമായേ തുറക്കാൻ അനുവദിക്കാവൂ. സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച ഉണ്ടായാൽ പൂട്ടിക്കണം.

 ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ ഏറ്രവും കുറച്ചു സംഖ്യയിൽ ജീവനക്കാരെ മാത്രമേ ആദ്യഘട്ടത്തിൽ അനുവദിക്കാവൂ.

 ഫാക്ടറി ഉടമകളുടെ അസോസിയേഷന്റെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച സോഷ്യൽ ഓഡിറ്ര് നടത്തണം. ആരോഗ്യവകുപ്പിനോ മറ്ര് അധികൃതർക്കോ ഇതിന്റെ മേൽനോട്ടം നടത്താം.

 ഫാക്ടറികൾ തുറക്കുമ്പോൾ ജീവനക്കാരെ കൊണ്ടുവരാൻ സംവിധാനം ഒരുക്കണം.

സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ അനുമതി സ്വാഭാവികമായും റദ്ദാവുന്ന വ്യവസ്ഥ വയ്ക്കണം.

 ടൂറിസം മേഖല ഒരു കാരണവശാലും ഇപ്പോൾ തുറക്കാൻ പാടില്ല.

 വിദേശത്ത് നിന്ന് വന്നവരെ ക്വാറന്റൈൻ ചെയ്യാൻ അനുവദിക്കണം. എത്രപേർക്ക് സംസ്ഥാനത്തിൽ അനുമതി നൽകാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കണം.