കൊവിഡ് 19: കുട്ടികൾക്കു വേണം പ്രത്യേക കരുതൽ

Tuesday 21 April 2020 12:49 AM IST

പ്രായമായവരിലാണ് കൊവിഡ് 19 രോഗം ഉണ്ടാകുന്നതെന്നും യുവാക്കളും കുട്ടികളും ഭയക്കേണ്ടതില്ലെന്നുമുള്ള മിഥ്യാധാരണ പലർക്കുമുണ്ട്. വുഹാനിൽ 72,314 പേർക്ക് അസുഖം ഉണ്ടായതിൽ ഒരുശതമാനം കുട്ടികളിലാണ് (18 വയസിൽ താഴെ) ഇൗ അസുഖം കണ്ടത്. അവരിൽ 2.5 ശതമാനത്തിൽ മാത്രമാണ് കഠിന അസുഖമുണ്ടായത്. 0.2 ശതമാനത്തിൽ മാത്രമാണ് വെന്റിലേറ്റർ ചികിത്സ വേണ്ടിവന്നത്. 14 വയസുള്ള ഒരു കുട്ടി മാത്രമാണ് അവിടെ മരിച്ചത്. ഇറ്റലിയിലും സ്ഥിതി ഏതാണ്ട് ഇതുതന്നെ.

ഇത് കൊവിഡ് ലക്ഷണങ്ങൾ മുൻനിരുത്തി ടെസ്റ്റ് നടത്തിയ കുട്ടികളിലെ കണക്കുകൾ മാത്രമാണ്. കുട്ടികളിൽ അസുഖലക്ഷണം നേരിയ തോതിലായതിനാൽ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. ഇന്ത്യയിലെ കണക്കുകൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. 40 ശതമാനം രോഗികൾ 20 വയസിനും 40 വയസിനും ഇടയിലുള്ളവരാണ്.

എന്തുകൊണ്ട് കുട്ടികളിൽ കുറഞ്ഞ രീതിയിലും മുതിർന്നവരിൽ കഠിനമായും അസുഖം കണ്ടുവരുന്നുവെന്നതിന് ശരിയായ ഉത്തരം കണ്ടെത്തിയിട്ടില്ല. എങ്കിലും മറ്റു വൈറൽ പനികളുടെ പെരുമാറ്റരീതിയിൽ നിന്നു ചിലതൊക്കെ മനസിലായിട്ടുണ്ട്. ഇമ്യൂൺ സിസ്റ്റത്തിന്റെ (പ്രതിരോധ സംവിധാനം) പ്രായത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ഇത് സാദ്ധ്യമാക്കുന്നത്. ആദ്യ ആറുമാസത്തേക്ക് പല വൈറൽ രോഗങ്ങൾക്കും എതിരെയുള്ള അമ്മയിൽനിന്നു ലഭിക്കുന്ന ആന്റിബോഡി കുഞ്ഞിന്റെ രക്തത്തിലുണ്ടായിരിക്കും. ഇവയുടെ അളവ് ഒരു വയസിനകം കുറയും. അങ്ങനെ സംഭവിക്കുന്ന സമയത്താണ് സാധാരണ അസുഖങ്ങൾക്കെതിരെയുള്ള വാക്സിനുകൾ നൽകി അവയ്ക്കെതിരെ പ്രതിരോധ ശക്തി ഉണ്ടാക്കുന്നത്. കൊറോണ പുതിയ വൈറസായതിനാൽ ആന്റിബോഡി ഇല്ലാത്തതിനാലും ശൈശവാവസ്ഥയിലുള്ള ഇമ്യൂൺ സിസ്റ്റം പ്രതികരിക്കാത്തതിനാലും ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കഠിനമായ അസുഖമുണ്ടാകാം. മുതിർന്ന കുട്ടികളിൽ പുതിയ വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്നതിന് ഇമ്യൂൺ സിസ്റ്റം പൂർണ തോതിൽ സജ്ജമാകുകയും കൊവിഡ് രോഗം ലഘുവായ രീതിയിൽ മാത്രം ബാധിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന മറ്റു വൈറൽ പനികളും പാർശ്വ പ്രതിരോധശേഷി നൽകാം.