പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതെ യോഗി

Tuesday 21 April 2020 12:16 AM IST

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് (89) ബിഷ്ത് അന്തരിച്ചു.ലോക്ക്‌ ഡൗൺ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ നിന്ന് യോഗി വിട്ടു നിന്നു. ഇന്നലെ രാവിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനിടെയാണ് പിതാവിന്റെ മരണവാർത്ത യോഗി അറിയുന്നത്. എങ്കിലും യോഗാവസാനം വരെ അദ്ദേഹം പങ്കെടുത്തു.

ഉത്തർപ്രദേശ് സർക്കാരിൽ ഫോറസ്റ്റ് റെയ്ഞ്ചറായിരുന്ന ആനന്ദ് വിരമിച്ചതിന് ശേഷം ഉത്തരാഖണ്ഡിലെ പൂഞ്ചൂരിലാണ് താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് ഹരിദ്വാറിൽ നടക്കും. ആനന്ദിന്റെ ഏഴ് മക്കളിൽ രണ്ടാമനാണ് യോഗി. സാവിത്രി ദേവിയാണ് ഭാര്യ

യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അനുശോചനം അറിയിച്ചു.