ഇസ്രായേലിൽ മാതൃകയായി ഈ പ്രതിഷേധം
ടെൽ അവീവ്: മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് ,ലോകത്തിന് മാതൃകയായി ഇസ്രയേലിൽ നടന്ന പ്രതിഷേധ പ്രകടനം വ്യത്യസ്തമായി. കൊവിഡ് കാലത്ത് പ്രധാനമന്ത്രി നെതന്യാഹു അഴിമതി വിചാരണകളിൽ നിന്ന് രക്ഷനേടാൻ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് രണ്ടായിരത്തിലേറെപ്പേർ പ്രതിഷേധ പ്രകടനം നടത്തിയത്. അച്ചടക്കത്തോടെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവരെല്ലാം ആറടി അകലം പാലിച്ചിരുന്നു.
ബ്രസീലിലും പ്രതിഷേധം, പ്രസിഡന്റും പങ്കെടുത്തു
റിയോ ഡി ജനീറോ: കൊവിഡ് മഹാമാരിയുടെ വ്യാപനം തടയാൻ ഗവർണർമാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരെ ബ്രസീലിലും വൻ പ്രതിഷേധം. വിവിധയിടങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ മാസ്കോ മറ്റ് സുരക്ഷാ ഉപാധികളോ ധരിക്കാതെ ആയിരങ്ങളാണ് അണിചേർന്നത്. പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയും പ്രതിഷേധത്തിൽ പങ്കെടുത്തു. ബൊൽസൊനാരോ ലോക്ക് ഡൗൺ രീതികളെ എതിർക്കുമ്പോൾ പ്രാദേശിക ഭരണകൂടങ്ങൾ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.