കാനഡയിൽ വെടിവയ്പ്: 16 മരണം

Tuesday 21 April 2020 12:25 AM IST

ഒട്ടാവ: കാനഡയിലെ നോവ പ്രവിശ്യയിൽ പൊലീസ് വേഷത്തിലെത്തിയയാൾ വീടുകളിൽ അതിക്രമിച്ച് കയറി നടത്തിയ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ അടക്കം 16 പേർ കൊല്ലപ്പെട്ടു. കൃത്രിമ പല്ല് നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയായ ഗബ്രിയേൽ വോട്ട്മാനാണ് (51) അക്രമം നടത്തിയത്. പൊലീസ് ഇയാളെ വെടിവച്ചുകൊന്നു.

ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് സംഭവം .കൊല്ലപ്പെട്ടവരിൽ ആർക്കും ഗബ്രിയേലുമായി നേരിട്ട് ബന്ധമില്ലെന്നും ആക്രമണത്തിന്റെ കാരണമെന്താണെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഗബ്രിയേൽ പൊലീസിന്റെ സ്റ്റിക്കർ പതിപ്പിച്ച വാഹനത്തിലാണ് എത്തിയത്.ഈ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ പല വീടുകളും തീയിട്ട് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.