ഗ്രീൻ കാർഡ് വിതരണം താത്കാലികമായി നിറുത്തി അമേരിക്ക
വാഷിംഗ്ടൺ : അമേരിക്കയിൽ സ്ഥിര താമസത്തിനുള്ള അനുമതി നൽകുന്ന ഗ്രീൻ കാർഡ് വിതരണം 60 ദിവസത്തേക്ക് നിറുത്തിവയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യു.എസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിറുത്തി വയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായാണിത്.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയി തൊഴിൽ നഷ്ടപ്പെടുന്ന അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഇത്തരമൊരു നിയന്ത്രണമെന്ന് ട്രംപ് പറഞ്ഞു. അറുപത് ദിവസത്തിന് ശേഷം രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം നിയന്ത്രണം നീട്ടുകയോ പിൻവലിക്കുകയോ ചെയ്യും. ടൂറിസ്റ്റ്, എച്ച് 1 ബി , സ്റ്റുഡന്റ് എന്നീ താത്ക്കാലിക വിസകളെ ഇത് ബാധിക്കില്ല.
എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വയ്ക്കുന്നതോടെ, ഗ്രീൻ കാർഡ് പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ അമേരിക്കക്കാർ ഇനിയും കാത്തിരിക്കേണ്ടി വരും.കൊവിഡിന്റെ മറവിൽ കുടിയേറ്റ നിരോധനം നടപ്പാക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടുണ്ട്.