കൊവിഡ് : രോഗലക്ഷണമില്ലാത്ത രോഗികളും രോഗവ്യാപനവും
കോവിഡ് നിരീക്ഷണ കാലത്തിനു ശേഷവും (14-28 ദിവസം) ചിലരിൽ പി.സി.ആർ വൈറൽ ടെസ്റ്റ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
പി.സി.ആർ ടെസ്റ്റിൽ വൈറസിന്റെ ആർ.എൻ.എ ഘടകമാണ് പരിശോധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം പ്രകടിപ്പിക്കുന്നതുവരെയുള്ള കാലമാണ് ഇൻക്യുബേഷൻ പിരീഡ് (Incubation Period). ഇത് ഒന്നു മുതൽ 14 ദിവസം വരെയാകാമെങ്കിലും മിക്കവാറും 5-6 ദിവസങ്ങൾക്കകം ഇൻക്യുബേഷൻ കാലം അവസാനിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. മിക്ക കേസുകളിലും തുടർന്ന് രോഗം 8 ദിവസം വരെ നീണ്ടുനിൽക്കാം. ചുമ, പനി, ശ്വാസ തടസം തുടങ്ങിയവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഈ കാലയളവിൽ രോഗം പകരാൻ (Infective Period) സാദ്ധ്യതയുണ്ട്. എന്നാൽ, കേരളത്തിൽ പലരിലും രോഗകാലത്ത് രോഗലക്ഷണം പ്രകടിപ്പിച്ചതായി കാണുന്നില്ല. ഇവരെയാണ് രോഗലക്ഷണമില്ലാത്ത രോഗികൾ (Asymptomatic Patients) എന്ന് വിളിക്കുന്നത്. ഈ അവസരത്തിലും രോഗം പകരാം.
പി.സി.ആർ ടെസ്റ്റ് ഇൻക്യുബേഷൻ പിരീഡിന്റെ അവസാന രണ്ടു ദിവസം മുതൽ രോഗലക്ഷണങ്ങൾ അവസാനിക്കുന്നതു വരെയാണ് സാധാരണ ഗതിയിൽ പോസിറ്റീവായിരിക്കുക. ചിലരിൽ പിന്നീടും പോസിറ്റീവ് ആകാം. ആ സമയത്ത് രോഗവ്യാപന സാദ്ധ്യത (Infectivity) ഉണ്ടാവില്ല. രോഗശമന ശേഷം രോഗിയുടെ ശരീരത്തിൽ നിന്നു രോഗ വ്യാപനത്തിനാവശ്യമായ അളവിൽ (100000) വൈറസ് പുറത്തേക്കു വരില്ല. ഈ ഘട്ടത്തിൽ പുറത്തേക്കു വരുന്ന വൈറസ് ഘടകങ്ങളെ വൈറസ് മാലിന്യം (Virus Litter) എന്ന് വിളിക്കാറുണ്ട്.
രോഗവ്യാപന സാദ്ധ്യത അറിയാൻ
പി.സി.ആർ പോസിറ്റീവായ ഒരാൾക്ക് രോഗവ്യാപന സാദ്ധ്യതയുണ്ടോ എന്നറിയാൻ മൂന്ന് ടെസ്റ്റുകളിലേതെങ്കിലും ഒന്ന് ചെയ്തു നോക്കാവുന്നതാണ്.
1.വൈറൽ കൾചർ (Viral Culture).
വൈറസിനെ കൃത്രിമ മാദ്ധ്യമങ്ങളിൽ വളർത്തിയെടുക്കാനാണ് കൾചറിൽ ശ്രമിക്കുന്നത്. ലെവൽ -3 ലബോറട്ടറിയിൽ മാത്രമേ വൈറസ് കൾചർ ചെയ്യാനാവൂ. കേരളത്തിൽ അതിന് സൗകര്യമില്ല. പൂനയിലെ നാഷണൽ വൈറോളജി ലബോറട്ടറിയിൽ അയയ്ക്കേണ്ടിവരും.
2. ആന്റിബോഡി ടെസ്റ്റ്
ഐ.ജി.എം ആന്റിബോഡിയുണ്ടെങ്കിൽ രോഗം അപ്പോഴുമുണ്ടെന്നും ഐ.ജി.ജിയും ഐ.ജി.എമ്മും ഉണ്ടെങ്കിൽ രോഗം ഭേദമായെന്നും കരുതാവുന്നതാണ്.
3. വൈറസ് ആന്റിജൻ ടെസ്റ്റ്
അന്റിജൻ ടെസ്റ്റ് പോസിറ്റീവായാൽ രോഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റിജൻ ടെസ്റ്റ് വികസിപ്പിച്ചെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പി.സി.ആർ ടെസ്റ്റ് പോസ്റ്റിറ്റീവ് ആണോയെന്ന് ഉറപ്പ് വരുത്തുന്നതിനായി മറ്റൊരു ലാബിൽ കൂടി പരിശോധിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇന്നത്തെ സ്ഥിതിയിൽ ആന്റിബോഡി കിറ്റ് ലഭ്യമായി കഴിഞ്ഞാൽ സംശയമുള്ള കേസുകളിൽ ആന്റിബോഡി ടെസ്റ്റ് ചെയ്തുനോക്കുന്നതാവും ഉചിതം. ഇതിൽ ഏത് ടെസ്റ്റ് പോസിറ്റീവായാലും രോഗവ്യാപന സാദ്ധ്യതയുണ്ട്.