പ്രശസ്‌ത നാടക, സിനിമാ നടൻ കെ.എൽ ആന്റണി അന്തരിച്ചു
കൊച്ചി: പ്രശസ്‌ത നാടക, സിനിമാ നടൻ കെ.എൽ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 70 വയസായിരുന്നു. നാടക പ്രസ്ഥാനങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും ആന്റണിയെ ശ്രദ്ധേയനാക്കിയത് ദിലീഷ് പോത്തൻ ഒരുക്കിയ മഹേഷിന്റെ പ്രതികാരമായിരുന്നു.
പി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി അമച്വർ നാടകവേദി തഴച്ചുവളർന്ന കാലത്താണു കമ്യൂണിസ്റ്റ് നാടകങ്ങൾ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എൽ. ആന്റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങൾ ആവിഷ്‌കരിക്കാൻ കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. നിരവധി പുസ്‌തകങ്ങളും ആന്റണി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പലതും അരലക്ഷത്തിലേറെ കോപ്പികൾ വിറ്റു തീർന്നിട്ടുണ്ട്.
1979 ൽ ആന്റണിയുടെ കൊച്ചിൻ കലാകേന്ദ്രത്തിൽ അഭിനയിക്കാനെത്തിയ പൂച്ചാക്കൽ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിൽ സജീവമായതോടെ പൂച്ചാക്കലിൽ സ്ഥിരതാമസമാക്കുകയും ചെയ്‌തു. അമ്പിളി, ലാസർഷൈൻ, നാൻസി എന്നിവരാണ് മക്കൾ.