അനന്തപുരിയുടെ അതിശയ ശില്‌പി

Tuesday 05 May 2020 1:00 AM IST

തിരുവനന്തപുരത്തിന്റെ രാജപ്രൗഢിക്കു മീതെ പുതിയ കെട്ടിടനിർമ്മിതികൾ ആധുനികതയുടെ സൗന്ദര്യം വരച്ചു തുടങ്ങിയപ്പോൾ ആ വാസ്തുമാതൃകകളിലെല്ലാം അദൃശ്യമായി പതിഞ്ഞുകിടന്നൊരു ചുരുക്കപ്പേരുണ്ട്: പി.ആർ.എസ്. തലസ്ഥാന നഗരത്തിന്റെ വാ‌സ്തുശില്പിയെന്ന് വിശേഷിപ്പിക്കാവുന്ന പി. രത്നസ്വാമിയുടേത് ഒരു വിശിഷ്ടപൈതൃകത്തിന്റെ തുടർച്ച കൂടിയായിരുന്നു. ഇന്നും അനന്തപുരിയുടെ പ്രതീകപ്രൗഢിയായി,​ ഉരുണ്ട ഭീമൻ തൂണുകളുടെ ചുമലിൽ ശിരസ്സുയർത്തുന്ന പഴയ അസംബ്ളി ഹാൾ നിർമ്മിച്ച അച്ഛൻ പെരുമാൾ പിള്ളയുടെ വാസ്തു വൈദഗ്ദ്ധ്യത്തിന് ഒരു മകൻ സമ്മാനിച്ച തുടർച്ച! ആ പൈതൃകം,​ പി.ആർ.എസ് ഗ്രൂപ്പിന്റെ ഇന്നത്തെ സാരഥിയായ ആർ. മുരുകനിലൂടെ ആധുനിക നിർമ്മിതികളിൽ തലസ്ഥാനത്തിന്റെ കനകരേഖയായി തുടർന്നുകൊണ്ടേയിരിക്കുന്നു.

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ വലുതല്ലാത്ത കോൺട്രാക്ട് ജോലികളുമായി ജീവിതം തുടർന്നിരുന്ന പെരുമാൾ പിള്ളയും കുടുംബവും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത് മകൻ പി. രത്നസ്വാമിക്കു വേണ്ടി. നാഗർകോവിലിലും മധുരയിലുമായി രത്നസ്വാമിയുടെ പ്രീ യൂണിവേഴ്സിറ്റി പഠനം പൂർത്തിയായപ്പോൾ അച്ഛൻ തീരുമാനിച്ചു: ഇനി എൻജിനിയറിംഗ് പഠിക്കട്ടെ. മകനെ തിരുവനന്തപുരത്ത് ഹോസ്റ്റലിലാക്കുന്നതിനു പകരം അന്ന് കുടുംബസമേതം ഇവിടേക്കു താമസം മാറ്റാനായിരുന്നു പെരുമാൾ പിള്ളയുടെ തീരുമാനം. തലസ്ഥാന നഗരത്തിന് ആധുനികതയുടെ പുതിയ മുഖം നൽകാനുള്ള നിയോഗമാണ് അതെന്ന് അന്ന് അദ്ദേഹം വിചാരിച്ചിരുന്നിരിക്കില്ല; മകൻ രത്നസ്വാമിയും!

പകർന്നു കിട്ടിയ

പൈതൃകം

പാളയത്ത്,​ പിന്നീട് പി.എം.ജി ഓഫീസ് ആയി മാറിയ വലിയ കെട്ടിടത്തിലാണ് അന്നത്തെ കോളേജ് ഒഫ് എൻജിനിയറിംഗ്. സിവിൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ രത്നസ്വാമി,​ ഉയർന്ന സർക്കാർ ജോലികൾക്കുള്ള അവസരങ്ങൾ വേണ്ടെന്നുവച്ച് അച്ഛനൊപ്പം കൺസ്ട്രക്‌ഷൻ രംഗത്ത് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന്,​ തലസ്ഥാന നഗരത്തിലൂടെ യാത്ര ചെയ്യുന്ന ആരും ഒരിക്കൽക്കൂടി കൗതകപൂർവം ശ്രദ്ധിക്കുന്ന കെട്ടിടനിർമ്മിതികളിൽ മിക്കതിനും ആദ്യ രൂപരേഖ പിറന്നത് രത്നസ്വാമിയുടെ വിരലുകളിൽ! സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്ക്,​ റിസർവ് ബാങ്ക് മന്ദിരം,​ റീജിയണൽ കാൻസർ സെന്റർ,​ കോ- ഓപ്പറേറ്റീവ് ബാങ്ക് ആസ്ഥാനം,​ ശ്രീചിത്ര മെഡിക്കൽ സെന്റർ,​ കോസ്മോപൊളിറ്റൻ ആശുപത്രി... നിർമ്മാണ വൈദഗ്ദ്ധ്യത്തിലും വാസ്‌തുസൗന്ദര്യത്തിലും കാഴ്‌ചയെ വരുതിയിലാക്കുന്ന കെട്ടിടങ്ങളുടെ ഈ പട്ടിക ചെറുതല്ല.

പണിതുയർത്തിയ മന്ദിരങ്ങളുടെ ആധുനികമുഖം കണ്ട് അവയുടെ ശില്പിയെ സങ്കല്പിക്കാൻ ശ്രമിച്ചാൽ തെളിയുന്നത് യൂറോപ്യൻ മുഖമായിരിക്കും. രത്നസ്വാമിയുടെ ചിത്രം കണ്ടാൽ ആ സങ്കല്പം എന്തൊരു അബദ്ധമായിരുന്നെന്ന് ചിരിയോടെ തിരിച്ചറിയുകയും ചെയ്യും. തൂവെള്ള ഷർട്ടും വേഷ്ടിയും. വേഷത്തിലും സംസാരത്തിലും തനി നാട്ടിൻപുറത്തുകാരൻ. ഈ മനുഷ്യനാണോ തലസ്ഥാന നഗരത്തിന് ആധുനികതയുടെ മഹാനിർമ്മിതകൾ സമ്മാനിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. ഉദ്യോഗസ്ഥ നഗരമായ തലസ്ഥാനത്ത് താമസസ്ഥലത്തിന് ആവശ്യക്കാരേറിയപ്പോൾ പി. രത്നസ്വാമി അതിനും പരിഹാരം വരച്ചെടുത്തു: സംഗീത് അപ്പാർട്ട്മെന്റ്സ് എന്ന ഫ്ളാറ്റ് സമുച്ചയം. തിരുവനന്തപുരത്ത് ആദ്യമുണ്ടായ ഫ്ളാറ്റ്!

കർമ്മപഥത്തിലെ

കാരുണ്യദീപ്തി

തലസ്ഥാനത്ത്,​ പൊതുസമൂഹത്തിൽ തലപ്പൊക്കത്തോടെ നിന്ന പി. രത്നസ്വാമി തമിഴ്സംഘം,​ തിരുവനന്തപുരം ഫൈൻ ആർട്സ് സൊസൈറ്റി,​ ചെഷയർ ഹോം,​ വഞ്ചി പുവർ ഹോം,​ ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ,​ തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ്,​ ലയൺസ് ക്ളബ് ഇന്റർനാഷണൽ എന്നിവയിലെല്ലാം സജീവ അംഗമായിരുന്നതിനു പുറമെ,​ കേരള സർവകലാശാലാ സെനറ്റ് അംഗമായും സേവനമനുഷ്ഠിച്ചു. സേവനത്തിന്റെ സുകൃതം പ്രകാശിക്കുന്നതായിരുന്നു പി. രത്നസ്വാമിയുടെ കർമ്മപഥങ്ങളോരോന്നും. കൺസ്ട്രക്‌ഷൻ രംഗത്ത് വലിയ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ തിരക്കുകൾക്കിടയിലും സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം മാറ്റിവച്ച കർമ്മയോഗി.

രത്നസ്വാമിയുടെ നിത്യസ്വപ്നമായിരുന്നു എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി തലസ്ഥാന നഗരത്തിൽ ഒരു ആശുപത്രി.1986 ൽ പത്തു ഡോക്‌ടർമാരും 40 ജീവനക്കാരുമായി കിള്ളിപ്പാലത്ത് തുടക്കമിട്ട ആ സ്വപ്നമാണ് ഇന്ന് പി.ആർ.എസ് ഹോസ്പിറ്റൽ എന്ന അത്യാധുനിക ആശുപത്രിസമുച്ചയമായി പടർന്നുനിൽക്കുന്നത്. നിർമ്മാണ മേഖലയിൽ അസ്തിവാരമിട്ട പി.ആർ.എസ്. ഗ്രൂപ്പിന്റെ ശാഖകൾ പിന്നീട് സേവനത്തിന്റെ വിശാലാകാശത്തേക്ക് പന്തലിച്ചു. ആതുരസേവനം,​ വിദ്യാഭ്യാസം,​ വാണിജ്യം,​ ആതിഥ്യം തുടങ്ങി നഗരജീവിതത്തിന്റെ സമസ്തമേഖലകളിലും അത് അഭിമാനസാന്നിദ്ധ്യമായി മാറുമ്പോൾ,​ മുത്തച്ഛനിൽ നിന്ന് അച്ഛനിലൂടെ പകർന്നുകിട്ടിയ പൈതൃകത്തിന് കൂടുതൽ തികവേകി,​ അതിന്റെ അമരത്ത് ആർ. മുരുകനുണ്ട്.

ദീപശിഖയുടെ

പ്രയാണം

അച്ഛൻ രത്നസ്വാമിയുടെ വഴിയേ എൻജിനിയറിംഗ് തന്നെ പഠനത്തിനു തിരഞ്ഞെടുത്ത ആർ. മുരുകനൊപ്പം,​ എൻജിനിയറിംഗ് ബിരുദധാരി തന്നെയായ ഭാര്യ പ്രേമയും പി.ആർ.എസ് ഗ്രൂപ്പിന്റെ സാരഥ്യത്തിലുണ്ട്. പി. രത്നസ്വാമിയുടെ മകൾ ഡോ. ആനന്ദം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പീഡിയാട്രിക് ന്യൂറോളജി വിഭാഗം പ്രൊഫസർ ആയി വിരമിച്ചതിനു ശേഷം പി.ആർ.എസ് ഹോസ്പിറ്റലിൽ മുഴുവൻ സമയ കൺസൾട്ടന്റ് ആയും എക്സിക്യുട്ടീവ് ഡയറക്ടർ ആയും സേവനമനുഷ്ഠിക്കുന്നു. ഇൻഡ്യൻ ബാങ്കിൽ നിന്ന് എ.ജി.എം ആയി വിരമിച്ച എം. ജനാർദ്ദനൻ ആണ് ഡോ. ആനന്ദത്തിന്റെ ഭർത്താവ്. പി. രത്നസ്വാമിയുടെ മറ്റൊരു മകളായ രാജേശ്വരിയാണ് പി.ആർ.എസ് ഗ്രൂപ്പിനു കീഴിലെ കല്യാൺ സ്‌കൂളുകളുടെ ചെയർ പേഴ്സൺ. ഭർത്താവ് ഡോ. എം.എസ്. തിരുവാരിയൻ കല്യാൺ ആശുപത്രി ഉടമയും പി.ആർ.എസ് ഹോസ്പിറ്രലിന്റെ എക്സിക്യുട്ടീവ് മെഡിക്കൽ ഡയറക്ടറും.

ഇന്ന്,​ മഹാശയനായ ആ കർമ്മയോഗിയുടെ ജന്മശതാബ്ദി ദിനത്തിൽ തലസ്ഥാനം നന്ദിയോടെ,​ പ്രാർത്ഥനാപൂർവം ആ പേരിനു മുന്നിൽ ശിരസ്സു നമിക്കുന്നു. ആ വിരലുകളിൽ നിന്നാണല്ലോ തിരുവനന്തപുരത്തിന്റെ പ്രൗഢിക്ക് ആധുനികതയുടെ മുഖനിർമ്മിതികൾ പകർന്നുകിട്ടിയത്!