കാശ്‌മീരിൽ വീണ്ടും ഭീകരാക്രമണം: മൂന്ന് ജവാന്മാർക്ക് വീരമൃത്യു
ന്യൂഡൽഹി: വടക്കൻ ജമ്മുകാശ്‌മീരിലെഹന്ദ്വാരയിൽ ഇന്നലെ രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. കുപ്‌വാരയിലെ വംഗം-ക്വാസിയാബാദ് മേഖലയിൽ സി.ആർ.പി.എഫിന്റെ പട്രോളിംഗ് സംഘത്തിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനും മരിച്ചു. 92 സി.ആർ.പി.എഫ് ബറ്റാലിയൻ സംഘത്തിന്റെ പട്രോളിംഗ് വാഹനത്തിന് നേരെ റാൽഗുണ്ട് പ്രദേശത്ത് വാങ്കം-ഗ്വാസിയാബാദ് പാതയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. തുടർന്നുണ്ടായ ഏറ്റമുട്ടലിനിടെ മൂന്ന് ജവാൻമാർ കൊല്ലപ്പെട്ടതായി സി.ആർ.പി.എഫ് സ്‌പെഷൽ ഡി.ജി സുൽഫിക്കർ ഹസൻ അറിയിച്ചു. ഏതാനും ജവാൻമാർക്ക് പരിക്കുണ്ട്. ഭീകരരും സുരക്ഷാ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുകയാണ്.
ജമ്മുകാശ്‌മീരിലെ നൗഗാം മേഖലയിൽ ഇന്നലെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. ഇവിടെ ഒരു വൈദ്യുതി നിലയത്തിന് കാവൽ നിൽക്കുന്ന സൈനികരെ ലക്ഷ്യമാക്കിയാണ് ഗ്രനേഡ് എറിഞ്ഞത്.ഴിഞ്ഞദിവസം കുപ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറും അടക്കം നാല് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ പാക് പൗരനും ലഷ്കറെ തൊയിബയുടെ ഉന്നത കമാൻഡറുമായ ഹൈദറടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, പാക് പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് കരസേന മേധാവി എം.എം നരവണെ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സൈന്യത്തിന് നേർക്ക് ആക്രമണമുണ്ടായിരിക്കുന്നത്.