കലിയടങ്ങാതെ കടൽ ; കണ്ണീരോടെ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾ

Wednesday 06 May 2020 12:17 AM IST

പാറശാല: പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കി കടൽക്ഷോഭം രൂക്ഷമാകുന്നു. തെക്കേ കൊല്ലങ്കോട് ഫിഷർമെൻ കോളനി മുതൽ പരുത്തിയൂർ ബീച്ച് വരെയുള്ള കടൽത്തീരം ഭാഗികമായും ചിലയിടങ്ങളിൽ പൂർണമായും കടലേറ്റമുണ്ടായി. പലയിടങ്ങളിലും കടൽഭിത്തി കടലിലേയ്ക്ക് ഒലിച്ചുപോയി. തീരദേശ റോഡും തകർന്നിട്ടുണ്ട്. ഫിഷർമെൻ കോളനി, പത്തുഗ്രാമം, പള്ളിവിളാകം തുടങ്ങിയ ഭാഗത്തുള്ള പത്തോളം വീടുകൾ തകർന്നു. കൂറ്റൻ പാറകൊണ്ടു നിർമ്മിച്ച കടൽഭിത്തികൾ തകർത്താണ് തിരമാലകൾ വീടിനുള്ളിലേക്ക് കയറുന്നത്. റോഡിലേക്ക് കടൽത്തിര ശക്തമായി അടിച്ചുകയറുന്നതിനാൽ തീരദേശ റോഡ് ഗതാഗതവും നിലച്ചു. കെ. ആൻസലൻ എം.എൽ.എ ഇടപെട്ട് തീരത്തുള്ള 30 കുടുംബങ്ങളെ ഇന്നലെ രാത്രിയോടെ പൊഴിയൂർ ഗവ.യു.പി. സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവർക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണമെത്തിക്കാനുമുള്ള സൗകര്യവുമൊരുക്കി.