ഇ.എം.ഐ അഷ്വറൻസ് സ്‌കീം പ്രോഗ്രാമുമായി ഹ്യുണ്ടായ്
കൊച്ചി: വാഹന വിപണിയിൽ ആദ്യമായി ഇ.എം.ഐ അഷ്വറൻസ് പ്രോഗ്രാം പ്രഖ്യാപിച്ച് ഹ്യുണ്ടായ്. നിലവിലെ സാഹചര്യത്തിൽ, സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന വ്യക്തിയുടെ ജോലി നഷ്‌ടപ്പെട്ടാൽ, ആ വ്യക്തിയുടെ ഹ്യുണ്ടായ് കാറിന്റെ മൂന്നു മാസത്തെ ഇ.എം.ഐ ഹ്യുണ്ടായ് അടയ്ക്കുന്ന പദ്ധതിയാണിത്. കൊവിഡും ലോക്ക്ഡൗണും മൂലമുണ്ടായ സാമ്പത്തിക പിരിമുറുക്കത്തിന്റെ ഈ വേളയിൽ ഉപഭോക്താക്കൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സെയിൽസ്, മാർക്കറ്റിംഗ്, സർവീസ് ഡയറക്‌ടർ തരുൺ ഗാർഗ് പറഞ്ഞു.
ഈമാസം പർച്ചേസ് ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട ഹ്യുണ്ടായ് മോഡലുകൾക്കാണ് പദ്ധതി ബാധകം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കർശന സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായി പാലിച്ച് ഡീലർഷിപ്പുകൾ വീണ്ടും തുറക്കാനുള്ള നടപടികളും ഹ്യുണ്ടായ് സ്വീകരിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ 'ക്ളിക് ടു ബൈ" ഓൺലൈൻ വെബ്‌സൈറ്ര് മുഖേനയും ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങാൻ സാധിക്കും.