എന്തിനാ സഖാവേ നേരത്തേ പോയത് !
Thursday 07 May 2020 1:13 AM IST
കൊല്ലം: മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീഡിയോ പങ്കുവച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ഫേസ് ബുക്കിലാണ് പഴയൊരു വീഡിയോയുമായി സുരേഷ് ഗോപിയെത്തിയത്. "ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു'' എന്ന് പറഞ്ഞാണ് സുരേഷ് ഗോപിയുടെ കമന്റ് തുടങ്ങുന്നത്. ''എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തേ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ടുപോയത്, ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിദ്ധ്യം വളരെ ആവശ്യമായിരുന്നത്.." എന്നും സുരേഷ് ഗോപി കുറിച്ചു. മുഖ്യമന്ത്രിയായിരിക്കെ പൊതുജനങ്ങളിൽ നിന്ന് ഫോണിൽ പരാതി കേൾക്കുകയും നർമ്മത്തിലൂടെ മറുപടി നൽകുകയും ചെയ്യുന്ന നായനാരുടെ ചാനൽ വീഡിയോയാണ് ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സുരേഷ് ഗോപി ഷെയർ ചെയ്തിരിക്കുന്നത്.