കാശ്‌മീരിൽ ഹിസ്ബുൾ കമാൻഡറെ വധിച്ചു, കൊല്ലപ്പെട്ടത് റിയാസ് നായികൂ ഉൾപ്പെടെ നാല് ഭീകരർ

Thursday 07 May 2020 12:00 AM IST

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറുമായ റിയാസ് നായികൂവിനെയും (32)​ കൂട്ടാളിയെയും സുരക്ഷാസേന ഇന്നലെ രാവിലെ ഏറ്റുമുട്ടലിൽ വധിച്ചു.

പുൽവാമ ജില്ലയിൽ നായികൂവിന്റെ ജന്മനാടായ ബീഗ്ബോറ ഗ്രാമത്തിൽ കരസേനയും സി.ആർ.പി.എഫും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ജമ്മുകാശ്‌മീർ ഡി.ജി.പി ദിൽബാഗ് സിംഗിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ. തിങ്കളാഴ്ച തന്നെ ഗ്രാമം വളഞ്ഞ സേന നായികൂവിന്റെ വീടിന് ചുറ്റമുള്ള പാടങ്ങളിൽ തുരങ്കങ്ങൾ ഉണ്ടാകുമെന്ന് കരുതി ഉഴുതുമറിച്ചിരുന്നു. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. അതിന് മുമ്പ് മുൻകരുതലായി കാശ്മീരിലെ പത്ത് ജില്ലകളിലെയും മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു. ഏറെ നേരം നീണ്ട വെടിവയ്‌പിലാണ് റിയാസിനെ വധിച്ചത്.

റിയാസ് നായികൂ ഹിസ്ബുൾ കമാൻഡർ ആയതുമുതൽ ഇന്ത്യയുടെ നോട്ടപ്പുള്ളിയായിരുന്നു. ഇയാളെ പിടികൂടാൻ 12ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

കാശ്‌മീരിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആർമി ഓഫീസർമാർ ഉൾപ്പെടെ 22 സുരക്ഷാ സേനാംഗങ്ങളെ ഭീകരർ വധിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച കേണലും മേജറും ഉൾപ്പെടെ അഞ്ച് സുരക്ഷാ ഭടന്മാരെയും തിങ്കളാഴ്‌ച മൂന്ന് സി.ആർ.പി.എഫ് ഭടന്മാരെയും ഭീകരർ വധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഭീകര വിരുദ്ധ ഓപ്പറേഷൻ ശക്തമാക്കിയത്.

റിയാസ് നായികൂ

ജനനം തെക്കൻ കാശ്‌മീരിൽ. സ്കൂളിൽ കണക്ക് അദ്ധ്യാപകനായിരുന്നു. സാങ്കേതിക വിദഗ്ദ്ധനുമാണ്.

@ 2012ൽ ഭീകരഗ്രൂപ്പിൽ അംഗമായി. @പാകിസ്ഥാനിലെ ഹിസ്ബുൾ തലവൻ സയദ് സലാഹുദ്ദീനുമായി അടുപ്പം സ്ഥാപിച്ചു

സലാഹുദീനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചതാണ്.

@പൊലീസ് ഓഫീസർമാരെ വധിച്ചതുൾപ്പെടെ പതിനൊന്ന് ഭീകരപ്രവർത്തന കേസുകളിൽ പ്രതി.

@ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനിയെ 2016ൽ സൈന്യം വധിച്ചതിനെ തുടർന്ന് സാക്കിർ മൂസ കമാൻഡർ ആയിരുന്നു. അയാൾ സ്വന്തം ഗ്രൂപ്പ് രൂപീകരിച്ച് വിട്ടു പോയതോടെയാണ് 2017ൽ നായികൂ കമാൻഡ‍ർ ആയത്. സാക്കിറിനെ പിന്നീട് സൈന്യം വധിച്ചു

@സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കളുടെ മനസു മാറ്റി ഭീകരരാക്കി

@നായികൂവിനെ സേന പലതവണ വളഞ്ഞെങ്കിലും അയാൾ രക്ഷപ്പെടുകയായിരുന്നു. അതൊഴിവാക്കാൻ ഇത്തവണ ഡി.ജി.പി ദിൽബാഗ് സിംഗ് നേരിട്ട് ഓപ്പറേഷൻ ചുമതല ഏറ്റെടുക്കുകയായിരുന്നു.

അതേസമയം,​ പുൽവാമ ജില്ലയിലെ തന്നെ ബീഗ്പോറ പ്രദേശത്തും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. അവിടെ ആൾനാശം ഉണ്ടോ എന്ന് വ്യക്തമായിട്ടില്ല.

ജില്ലയിലെ ഷർസാലി മേഖലയിൽ ഇന്നലെ പുലർച്ചെ സുരക്ഷാ സേന വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടയ്ക്കാണ് സേനയ്ക്ക് നേരെ ഭീകരരുടെ വെടിവയ്‌പുണ്ടായത്.

ജില്ലയിലെ തന്നെ ത്രാൽ പ്രദേശത്ത് മറ്റൊരു ഓപ്പറേഷനിൽ ഒരു ജയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്‌തു. സാതുറ പ്രദേശത്ത് സംശയകരമായി കണ്ട ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന്എ.കെ - 56 തോക്കുകളും വെടിക്കോപ്പും മൂന്ന് ചൈനീസ് ഗ്രനേഡും രണ്ട് സെൽഫോണുകളും പിടിച്ചെടുത്തു.