ലോക്ക് ഡൗണിൽ ജോലി നഷ്ടമായ ഐ.ടി ജീവനക്കാരി ജീവനൊടുക്കി

Friday 08 May 2020 12:09 AM IST

കുട്ടനാട്: ലോക്ക് ഡൗണിനെത്തുടർന്ന്‌ ജോലി നഷ്ടമായ മനോവിഷമത്തിൽ എറണാകുളം ഇൻഫോപാർക്കിലെ ഐ.ടി കമ്പനി ജീവനക്കാരി ജീവനൊടുക്കി. കാവാലം പഞ്ചായത്ത്‌ നാലാംവാർഡ് ഇല്ലിക്കളം പുത്തൻപറമ്പിൽ പി.ജെ. ജോസഫിന്റെ മകൾ വീണ ജോസഫിനെ (25) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ബുധനാഴ്ച രാത്രി കുടുംബാംഗങ്ങൾക്കൊപ്പം അത്താഴം കഴിച്ചശേഷം

ഉറങ്ങാൻ കിടന്ന വീണ ഇന്നലെ നേരം പുലർന്നിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് മാതാപിതാക്കൾ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രണ്ടുവർഷമായി എറണാകുളം ഇൻഫോപാർക്കിലെ വിപ്രോയിൽ ജോലി നോക്കിവന്ന വീണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞു. വീണ്ടും ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെയാണ് ജോലി നഷ്ടപ്പെട്ടതായി സഹപ്രവർത്തകരിലാരോ വിളിച്ചറിയിച്ചത്. പുതിയ ജോലി നോക്കാൻ ഇവർ പറഞ്ഞതായാണ്‌ വിവരം. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കാവാലം വടക്ക്‌ സെന്റ്‌ ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മാതാവ്: ജെയ്‌സമ്മ. സഹോദരങ്ങൾ: ജിബിൻ ജോസഫ്, ജിത്തുജോസഫ്