സിക്കിം അതിർത്തിയിൽ സംഘർഷം; ഇന്ത്യ - ചൈന സൈനികർ ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക്

Monday 11 May 2020 12:01 AM IST

ന്യൂഡൽഹി: വടക്കൻ സിക്കിം അതിർത്തിയിലെ നാകു ലാ സെക്‌ടറിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ശനിയാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി 12 പേർക്ക് പരിക്കേറ്റു. ആയുധങ്ങൾ ഉപയോഗിക്കാതെയുള്ള ഏറ്റുമുട്ടലായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാദേശിക കമാൻഡർമാരുടെ അനുരഞ്ജന ചർച്ചയെ തുടർന്നാണ് സംഘർഷം ശമിച്ചത്.

ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സ്ഥലത്തായിരുന്നു സംഘർഷം. പട്രോളിംഗിനിടെ ഈ സ്ഥലത്ത് ഇന്ത്യൻ സേനയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും മുഖാമുഖം വന്നു. തർക്കസ്ഥലത്ത് കയറിയ ചൈനീസ് ഭ‌ടന്മാരെ ഇന്ത്യൻ പക്ഷം തടഞ്ഞു. ഇരുപക്ഷവും കൂടുതൽ സൈനികരെ വിളിച്ചു വരുത്തി. ഇവർ പരസ്പരം അടിക്കുകയും തള്ളുകയും കല്ലെറിയുകയും ചെയ്‌തു. ഇരുപക്ഷത്തുമായി 150ലേറെ സൈനികരുണ്ടായിരുന്നു.

സൈനികർ പരുഷമായി പെരുമാറിയെന്നും ചെറിയ പരിക്കുകൾ പറ്റിയെന്നും ഉഭയകക്ഷി ചർച്ചയെ തുടർന്ന് സംഘർഷം അവസാനിച്ചെന്നും ഇന്ത്യൻ സേന പിന്നീട് അറിയിച്ചു. സംഘർഷം ഇന്ത്യൻ സേന വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

നാകു ലാ പ്രദേശത്തെ അതിർത്തിയെ ചൊല്ലി തർക്കങ്ങൾ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ഇരു സേനകളും തമ്മിൽ താത്കാലിക സംഘർഷങ്ങൾ സാധാരണമാണ്. അതെല്ലാം പ്രോട്ടോക്കാൾ പ്രകാരം പരിഹരിക്കാറാണ് പതിവ്.

 മുൻ സംഘർഷങ്ങൾ

 2017ജൂൺ 18

ഇന്ത്യ - ചൈന - ഭൂട്ടാൻ അതിർത്തികൾ സംഗമിക്കുന്ന ദോക്‌ലാമിൽ ചൈനയുടെ റോഡ് നിർമ്മാണം ഇന്ത്യൻ സേന തടഞ്ഞു. യുദ്ധഭീതി സൃഷ്‌ടിച്ച് ഇരു സേനകളും 73 ദിവസം മുഖാമുഖം നിന്നു. ഇന്ത്യയുടെ 'ഓപ്പറേഷൻ ജൂനിപ്പർ" എന്ന ഓപ്പറേഷനിൽ ചൈനീസ് പട്ടാളം റോഡ് നിർമ്മാണത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതമായി. ഏകദേശം 4050 കിലോമീറ്ററാണ് ഇന്ത്യ - ചൈന അതിർത്തി. ദോക്‌ലാമിന് ശേഷം ഇന്ത്യൻ സേന ചൈനീസ് അതിർത്തിയിൽ ജാഗ്രത ശക്തമാക്കിയിരിക്കയാണ്.

 2017 ആഗസ്റ്റ് - ലഡാക്കിലെ പാൻഗോങ് തടാകത്തിന്റെ കിഴക്കേ കരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പരസ്പരം തല്ലുകയും കല്ലെറിയുകയും ചെയ്‌തു.

 2018 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും തമ്മിൽ വുഹാനിൽ നടത്തിയ ഉച്ചകോടിയിൽ ദോക്‌ലാം സംഘർഷം ആവർത്തിക്കാതെ അതിർത്തിയിൽ സമാധാനം നിലനിറുത്താൻ തീരുമാനിച്ചു

 2019 ഒക്‌ടോബറിൽ ഇരുനേതാക്കളും മഹാബലിപുരത്ത് നടത്തിയ ഉച്ചകോടിയിലും ഇതിന് ധാരണയുണ്ടാക്കിയിരുന്നു.

നാകു ലാ

വടക്കൻ സിക്കിമിലെ അതിർത്തി സെക്ടർ

16,​000 അടി ഉയരത്തിലുള്ളപർവത ചുരം

സൂര്യോദയം രാവിലെ 9ന്,​ അസ്‌തമയം 'രാത്രി' 9ന്

പുറം ലോകവുമായി റോഡ് ബന്ധം ഇല്ല

ഏക ആശ്രയം ഹെലികോപ്റ്റർ