ലോക്ക് ഡൗൺ നീട്ടുമോ, സംസ്ഥാന നിലപാട് ഇന്നറിയിക്കും

Monday 11 May 2020 12:09 AM IST

pinarayi

തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടുന്നതും ഇളവുകളും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി വിഡിയോ കോൺഫറൻസിൽ ചർച്ച നടത്തും.വൈകിട്ട് മൂന്നിനാണ് ചർച്ച.

കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസുമായി സംസാരിച്ചു. പ്രവാസി മലയാളികൾ തിരിച്ചെത്തുന്നതും സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമാക്കിയതും ചീഫ് സെക്രട്ടറി ധരിപ്പിച്ചു. ശ്രമിക് ട്രെയിൻ സർവ്വീസുകളുടെ പുരോഗതിയും മറുനാട്ടിൽ നിന്ന് തിരിച്ചെത്തുന്നവരുടെ ആരോഗ്യപരിശോധനാപ്രോട്ടോക്കോൾ പുരോഗതിയും ചീഫ് സെക്രട്ടറി അറിയിച്ചു.

പ്രവാസികളുടെ തിരിച്ചുവരവായിരിക്കും മുഖ്യമന്ത്രി പ്രധാനമായും ഉന്നയിക്കുക. 50 ദിവസമായി തുടരുന്ന ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകർന്നിരിക്കുകയാണ്. പ്രവാസികൾക്ക് പുനരധിവാസ പാക്കേജും, സംസ്ഥാനത്ത് സാമ്പത്തിക ഉത്തേജക പദ്ധതികളും നടപ്പാക്കേണ്ട ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചേക്കും. കൂടുതൽ പരിശോധനാകിറ്റുകൾ, മറുനാട്ടിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ ട്രെയിൻ,​ സംസ്ഥാനത്ത് ലോക്ക് ഡൗണിൽ വരുത്തേണ്ട ഇളവുകൾ, ജനജീവിതം സുഗമമാക്കുന്നതിനും തൊഴിലിടങ്ങൾ സജീവമാക്കാനുള്ള നടപടികൾ തുടങ്ങിയവയും ചർച്ച ചെയ്തേക്കും.

നിലവിലെ ലോക്ക് ഡൗൺ 17ന് അവസാനിക്കും.