വേണം ഹെലികോപ്ടർ പണം
പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ രക്ഷയ്ക്കായി ഹെലികോപ്ടറിലൂടെ അവശ്യസാധനങ്ങൾ ചൊരിഞ്ഞുകൊടുക്കുന്നതുപോലെ, ചാക്ക് കണക്കിന് പണം വർഷിച്ചുകൊണ്ടേ മഹാമാരിയിൽ കുടുങ്ങിപ്പോയ സാധാരണക്കാരെയും സമ്പദ്‌ഘടനയെയും മോചിപ്പിക്കാനാവൂ.
കൊവിഡിനെത്തുടർന്ന് ഏർപ്പെടുത്തേണ്ടിവന്ന മൂന്ന് ലോക്ക് ഡൗണുകൾ മൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം 20 ലക്ഷം കോടി രൂപയെങ്കിലും വരും. മഹാമാരിക്ക് മുൻപുതന്നെ താഴ്‌ന്ന് പൊയ്‌ക്കൊണ്ടിരുന്ന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് വീണ്ടും ഇടിഞ്ഞ്, ഇതിന് മുൻപത്തെ (1991) ഏറ്റവും കുറഞ്ഞ നിരക്കായ 1.1 ശതമാനത്തിന് സമീപമെത്താൻ സാദ്ധ്യതയുണ്ട്. ഈ ദുരവസ്ഥയിൽ നിന്നുള്ള ഒരു പ്രധാന മോചനമാർഗം, ഉപഭോഗച്ചെലവും, നിക്ഷേപ മുതൽ മുടക്കും ഉയർത്താനായി കേന്ദ്ര സർക്കാർ നേരത്തേ തന്നെ നടപ്പിലാക്കിവരുന്ന യജ്ഞങ്ങളുടെ ആക്കം പലമടങ്ങ് വർദ്ധിപ്പിക്കുക എന്നതാണ്. ഉദാഹരണമായി തൊഴിലുറപ്പ് പദ്ധതിക്കായി ഈ വർഷത്തെ ബഡ്ജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത് 61,500 കോടി രൂപയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ പ്രവൃത്തി ദിനങ്ങൾ ഇതിന്റെ പരിധിയിൽ ഉൾക്കൊള്ളിച്ചും, അന്യസംസ്ഥാനങ്ങളിൽ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിവരുന്ന തൊഴിലാളികൾക്ക് കൂടി ഇതിൽ ഇടം കൊടുത്തും പദ്ധതി വിപുലീകരിക്കേണ്ടതുണ്ട്. ഈ വികസിത രൂപം പ്രാവർത്തികമാക്കണമെങ്കിൽ ഇപ്പോൾ നീക്കിവച്ചിട്ടുള്ള തുകയുടെ ഇരട്ടിയെങ്കിലും, ചെലവിടേണ്ടിവരും. അതുപോലെ തന്നെ, 'പ്രധാനമന്ത്രി കിസാൻ" പദ്ധതിയിൽ കർഷകർക്ക് നൽകുന്ന ധനസഹായം വർദ്ധിപ്പിച്ചും, കർഷക തൊഴിലാളികളെക്കൂടി ഇതിൽ ഉൾപ്പെടുത്തിക്കൊണ്ടുമുള്ള നവീകരണം കൂടുതൽ ഗുണകരമാകും. ഇപ്പോൾ, ഈ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 75,000 കോടി രൂപയെന്ന വിഹിതം ഇരട്ടിയായി മാറ്റേണ്ടതുണ്ട്. കനത്ത ആഘാതത്തിന് വിധേയമാകേണ്ടിവന്ന സൂക്ഷ്മ - ചെറുകിട മേഖലയിലെ 6.3 കോടി സംരംഭങ്ങളുടെ ഉയിർത്തെഴുന്നേല്പിനായി 75,000 കോടി രൂപയെങ്കിലും വേണ്ടിവരും. കാര്യമായി തൊഴിൽ നൽകാൻ ഉതകുന്ന പശ്ചാത്തലവികസന രംഗങ്ങളിൽ സർക്കാരിന്റെ നിക്ഷേപം കാര്യമായി വർദ്ധിപ്പിക്കേണ്ടതും അനിവാര്യമാകുന്നു. ഇപ്രകാരമുള്ള കാര്യങ്ങൾക്ക് പുറമേ, കൊവിഡ് കാരണം ധനസ്ഥിതി തകർന്നുപോയ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം കൂടാതെ പിടിച്ചുനിൽക്കാനാവില്ല. ചുരുക്കത്തിൽ, വമ്പനൊരു സംഖ്യ ചെലവിടാതെ മഹാമാരിയുടെ കെടുതികൾ മറികടക്കാനാവില്ല.
കൊവിഡ് മൂലം വരുമാനമാർഗങ്ങളെല്ലാം വരണ്ടുപോയിരിക്കുന്ന കേന്ദ്ര സർക്കാർ സ്വന്തം ആവനാഴിയിലെ മറ്റ് അസ്‌ത്രങ്ങൾ കൂടി വിനിയോഗിച്ചാലേ കാശിന്റെ ക്ഷാമം തീർക്കാനാവൂ. കേന്ദ്ര ബാങ്കിൽ നിന്നുള്ള കടം വാങ്ങലിന് പുറമേ അന്താരാഷ്ട്ര കമ്പോളങ്ങളേയും, ആഭ്യന്തര കട വിപണിയേയും ആശ്രയിക്കേണ്ടിവരും. സമ്പന്നരായ പ്രവാസികളെയും സമീപിക്കാവുന്നതാണ്. റിസർവ് ബാങ്കിന്റെ കൈവശമുള്ള വൻ സ്വർണ ശേഖരത്തിന്റെ ഒരു പങ്ക് വായ്പയായി വാങ്ങാവുന്നതാണ്. വിദേശ നാണയ ശേഖരത്തിന്റെ ചെറിയൊരു ഭാഗം, പ്രതിസന്ധി തരണം ചെയ്യുന്നതിനായി വിനിയോഗിക്കുന്നതിന്റെ സാദ്ധ്യതകളും ആരായാവുന്നതാണ്. ഇതൊന്നും തികയാതെ വന്നാൽ കൈവശമുള്ള കമ്മട്ടം തന്നെ ആശ്രയം. പണ്ടൊക്കെ കേന്ദ്ര സർക്കാരിന്റെ കമ്മിയുടെ നല്ലൊരു പങ്ക്, പണം അടിച്ചിറക്കിക്കൊണ്ട് നേരിട്ടിരുന്നു. വിലക്കയറ്റം പോലുള്ള ദോഷഫലങ്ങളെ പേടിച്ച്, അടുത്ത കാലത്തായി ഈ മാർഗം ഉപയോഗിക്കാതെയായി. പക്ഷേ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തിൽ ഈ രക്ഷാവഴിക്ക് തീണ്ടൽ കല്പിക്കേണ്ടതില്ല.