എന്താണ് ലാബ്, റാപ്പിഡ് ടെസ്റ്റുകളുടെ വ്യത്യാസം

Monday 11 May 2020 12:53 AM IST

ലോകം മുഴുവൻ സാർസ്‌ കോവ് 2 വൈറസിന്റെ ആന്റിബോഡി ടെസ്റ്റുകൾ നടന്നുവരികയാണ്. ഇത്തരം പരിശോധന നടത്തുവാനുള്ള ഇരുനൂറോളം ഉത്‌പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇതിൽ അധികവും നിർമ്മിച്ചിരിക്കുന്നത് ചൈനയിലാണ്. ചൈനയ്ക്ക് പുറമെ ഉത്തര കൊറിയ, യു.കെ, യു.എസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ കിറ്റുകളും മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ ഈ കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ പലപ്പോഴും ഫലം തെറ്റായി വരുന്നുണ്ട്. കാലിഫോർണിയയിലെ സാന്താക്ളാരയിൽ നടത്തിയ ടെസ്റ്റുകൾ തെറ്റായ ഫലങ്ങൾ നൽകിയതായി വ്യാപക പരാതി ഉയർന്നിരുന്നു. സമാനമായ പരാതിയെത്തുടർന്ന് 2 കോടി രൂപ നൽകി ബ്രിട്ടീഷ് ഗവൺമെന്റ് വാങ്ങിയ ചൈനീസ് കിറ്റുകൾ റദ്ദാക്കി. ടെസ്റ്റ് എങ്ങനെ നടത്തുന്നു എന്നതിനെ ആശ്രയിച്ച് ഫലത്തിലും വ്യത്യാസം വരാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ട് രീതിയിലുള്ള ആന്റിബോഡി ടെസ്റ്റുകളാണ് പ്രധാനമായു ഉള്ളത്. 1. ലാബിൽ നടത്തുന്ന പരിശോധന. 2. റാപ്പിഡ് ടെസ്റ്റ്. ലാബിൽ സാമ്പിൾ (രക്തം, സ്രവം, പ്ളാസ്‌മ) വൈറൽ പ്രോട്ടീൻ ആവരണം ചെയ്തി​ട്ടുള്ള ഒരു പ്രതലത്തി​ൽ വയ്ക്കുന്നു. വൈറസി​നെ പ്രതി​രോധി​ക്കുന്ന ആന്റി​ബോഡി​ രോഗി​യി​ൽ ഉണ്ടായി​ട്ടുണ്ടെങ്കി​ൽ ഈ പ്രതലത്തി​ലെ പ്രോട്ടീന് ചുറ്റും അത് വലയമി​ടും. തുടർന്നാണ് വൈറൽ പ്രോട്ടീന്റെ നി​ർണയം ശാസ്ത്രീയ മാർഗങ്ങളി​ലൂടെ നടത്തുക.

ലാറ്ററൽ ഫ്ളോ അസെ (എൽ.എഫ്.എ) ഫോർമാറ്റിലാണ് റാപ്പിഡ് ടെസ്റ്റുകൾ നടത്തുക. എലീസ ടെസ്റ്റിനോട് സാമ്യമുള്ളതാണിത്. ഗർഭ പരിശോധനയ്ക്കുള്ളതുപോലുള്ള രീതിയാണ് ഇതിൽ അവലംബിക്കുന്നത്. വൈറൽ പ്രോട്ടീന്റെ സാന്നിദ്ധ്യമുള്ള സ്ട്രിപ്പിലാണ് രക്തം പതിപ്പിക്കുന്നത്. ആന്റിബോഡി ഉണ്ടെങ്കിൽ അത് പ്രോട്ടീനുമായി ചേരും. ഇത് സ്ട്രിപ്പിലുള്ള തന്മാത്രകളുമായി ലയിക്കുമ്പോൾ നിറ വ്യത്യാസം ഉണ്ടാകും. ഇതിൽ നിന്ന് രോഗം തിരിച്ചറിയാം. രോഗം ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ ഇതിലൂടെ അറിയാനാകൂ. രോഗത്തിന്റെ തീവ്രതയുടെ അളവ് അറിയാനാകില്ല.

ലാബ് ടെസ്റ്റിന്റെ ഫലം അറിയാൻ ഏതാനും മണിക്കൂറുകൾ വേണ്ടിവരുമ്പോൾ റാപ്പിഡ് ടെസ്റ്റിന്റെ ഫലം 30 മിനിട്ടിനുള്ളിൽ അറിയാം.