ശമ്പളം വെട്ടിക്കുറയ്‌ക്കൽ പരിഗണനയിലില്ല: കേന്ദ്രം

Tuesday 12 May 2020 2:13 AM IST
SALARY CUT

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളംവെട്ടിക്കുറയ്‌ക്കുമെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. 30 ശതമാനം ശമ്പളം വെട്ടിക്കുറയ്‌ക്കുമെന്ന തരത്തിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും വ്യാജ വാർത്തകൾ ജനം വിശ്വസിക്കരുതെന്നും കേന്ദ്ര പേഴ്സണൽ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനുള്ള യാതൊരു ശുപാർശയും സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ശമ്പളം വെട്ടിക്കുറയ്‌ക്കുമെന്ന് ഒരു ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്‌തത് വ്യാജ വാർത്തയാണെന്ന് സൂചിപ്പിച്ച് വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഫാക്‌ട് ചെക്ക് വിഭാഗം പോസ്‌റ്റർ ഇറക്കിയിട്ടുണ്ട്.

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ക്കില്ലെന്ന വിശദീകരണവുമായി രംഗത്ത് വരുന്നത്. കേന്ദ്ര പെൻഷനിൽ 20 ശതമാനം വെട്ടിക്കുറയ്‌ക്കുമെന്ന വാർത്തയ്‌ക്കെതിരെ കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രാലയം വിശദീകരണം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ പെൻഷൻ പ്രായം 50വയസായി കുറച്ചേക്കുമെന്നൊരു വാർത്തയും ഇടയ്ക്കു വന്നു. അതും കേന്ദ്രം നിഷേധിച്ചിരുന്നു.

അതേസമയം കേന്ദ്ര റവന്യൂ, പ്രതിരോധ വകുപ്പുകളിൽ ഒരു കൊല്ലത്തേക്ക് എല്ലാമാസവും ഒരു ദിവസത്തെ ശമ്പളം പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച് ഉത്തരവിറക്കിയിരുന്നു.