20 ലക്ഷം കോടിയുടെ യു.കെ മോഡൽ സാമ്പത്തിക പാക്കേജിൽ പ്രതീക്ഷിച്ച് രാജ്യം, ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോർത്ത് ജനം
ന്യൂഡൽഹി: ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി അറിയിച്ച 20 ലക്ഷം കോടിയുടെ കൊവിഡ് പ്രത്യേക സാമ്പത്തിക പാക്കേജ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനത്തോളം വരുമിത്. ധനപരവും നികുതി ഘടനയിലൂന്നിയതുമായ പ്രഖ്യാപനങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
മുൻപ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള 1.7ലക്ഷം കോടിയുടെ പാക്കേജും ലിക്വിഡിറ്റി വിഭാഗത്തിൽ പെട്ടവയ്ക്കുള്ള 6.5 ലക്ഷം കോടിയും ഈ പാക്കേജിൽ ഉൾപ്പെടും. നികുതി, തൊഴിൽ, കൊവിഡ് പ്രതിസന്ധി നേരിടേണ്ടിവന്ന വലിയൊരുവിഭാഗം ചെറുകിട ബിസിനസ് സംരംഭകർ ഇവരെയെല്ലാം മുന്നിൽകണ്ടാകും പാക്കേജ്. വിപണിയെ ഉണർത്താനും ഭൂമി, തൊഴിൽ നിയമങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പരിഷ്കരിക്കാനും നടപടിയുണ്ടാകുമെന്ന് സംരംഭകർ കരുതുന്നു.
ഇന്ത്യയിൽ വ്യവസായം ആരംഭിക്കുവാൻ ഏറ്റവും പ്രയാസമേറിയ കാര്യം ഭൂമി ഏറ്രെടുക്കലും തൊഴിൽ നിയമങ്ങളുമാണ്. ഇത് കാലോചിത പരിഷ്കരണം ആവശ്യപ്പെടുന്നു. നല്ല തൊഴിൽ നിയമങ്ങൾ സ്ഥിരജോലി സൗകര്യത്തിനും എളുപ്പമുള്ള ഭൂമി ഏറ്റെടുക്കൽ നിയമങ്ങൾ ചുവന്നനാടയിൽ വ്യവസായങ്ങൾ തടയപ്പെടുന്നതിനും പരിഹാരമാകും. കോടികണക്കിന് ജനങ്ങളുടെ ജീവിതമാർഗ്ഗമായ ചെറിയ വ്യവസായങ്ങൾക്കും കുടിൽ വ്യവസായങ്ങൾക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
ചെറുകിട സംരംഭങ്ങൾക്ക് സർക്കാർ വായ്പാ ഗ്യാരന്റി നൽകാൻ തീരുമാനിച്ചേക്കും. ഇതിനായി മാറ്റിവക്കുന്ന തുക മൂന്ന് ലക്ഷം കോടിയോളം വരും. കൃഷിയിലും കാർഷിക പ്രവർത്തനങ്ങളിലും നിയമങ്ങൾ ഇളവ് നൽകി കർഷകരെ സഹായിക്കും. കർഷകർക്കും, നെയ്ത്തുകാർക്കും നേരിട്ട് പണം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളുണ്ടാകും.
മധ്യവർഗ്ഗ നികുതി ദാതാക്കൾ ഇവരിലേറെയും തൊഴിലാളി വർഗ്ഗത്തിൽ പെട്ടവരാണ് ഇവർക്കും ചില ഇളവുകൾ പ്രധാനമന്ത്രി ഇന്നലെ സൂചന നൽകി. ശരിയായി നികുതി നൽകുന്ന മധ്യവർഗ്ഗ പൗരന്മാർക്ക് വേണ്ടിയുള്ളതാണ് പ്രത്യേക സാമ്പത്തിക പാക്കേജെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ശരിയായി നികുതി നൽകുന്ന സാധാരണക്കാരന്റെ നികുതി ഭാരം ലഘൂകരിക്കാനും അവർക്ക് ചെറിയ സമ്മാനങ്ങൾ നൽകാനും ഉദ്ദേശിച്ചുള്ളതാകും സർക്കാർ പാക്കേജ്. ഇങ്ങനെ നിരവധി മേഖലകൾക്ക് താങ്ങാകും ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജെന്ന് സാമ്പത്തികകാര്യ വിദഗ്ധർ കരുതുന്നു.