പൂച്ചയോട് വേണ്ട കളി (കൊവിഡ് വരുമെന്ന്....)​

Friday 15 May 2020 1:13 AM IST

ലണ്ടൻ: പൂച്ചകളിൽ നിന്ന്​ മറ്റു പൂച്ചകളിലേക്ക്​ കൊവിഡ് വളരെ വേ​ഗത്തിൽ പകരുമെന്ന വെളിപ്പെടുത്തലുമായി​ ഗവേഷകർ. പൂച്ചകളിൽ പലപ്പോഴും കൊവിഡ് ​ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും ശാസ്​ത്രജ്​ഞർ വ്യക്തമാക്കുന്നു. മനുഷ്യരിൽ നിന്നാണ്​ കൊവിഡ് ​ പൂച്ചകളിലേക്ക്​ പകരുന്നത്.​ ഈ പൂച്ചകൾ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമെത്തുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്​. എന്നാൽ അത്തരത്തിലൊരു സാധ്യത ഇല്ലെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധരുടെ വെളിപ്പെടുത്തൽ.

അതേസമയം, പൂച്ചകളെ ഉമ്മവയ്ക്കരുതെന്നും ഒരുപക്ഷേ അതു വഴി വൈറസ്​ ശരീരത്തിലെത്താമെന്നും വൈറസ്​ വിദഗ്​ധൻ പീറ്റർ ഹാഫ്​മാൻ പറഞ്ഞു. ഹാഫ്​മാനും സഹപ്രവർത്തകരും വിസ്​കോൻസിൻ സ്​കൂൾ ഒഫ്​ വെറ്ററിനറി മെഡിസി​ന്റെ സഹായത്തോടെ നടത്തിയ പരീക്ഷണഫലം ന്യൂ ഇംഗ്ലണ്ട്​ ജേണൽ ഒഫ്​ മെഡിസിനിലാണ്​ പ്രസിദ്ധീകരിച്ചത്​. കൊവിഡ് രോഗിയെയും മനുഷ്യരിൽ നിന്ന്​ രോഗം പകർന്ന മൂന്ന്​ പൂച്ചകളെയുമാണ്​ പരീക്ഷണ വിധേയമാക്കിയത്​. അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാൻ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൂന്നുപൂച്ചകളിലേക്കും വൈറസ്​ പടർന്നു. എന്നാൽ ആറുപൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമായില്ല.

'അവ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തില്ല. അതുപോലെ ശരീര താപനില വർദ്ധിക്കുകയോ ശരീരഭാരം കുറയുകയോ ചെയ്തില്ല. യാതൊരു വിധത്തിലുള്ള കൊവിഡ് ലക്ഷണങ്ങളും ഇവയിൽ പ്രകടമായില്ല.' ഹാഫ്​മാൻ വെളിപ്പെടുത്തി.