ഏ കെ ആന്റണിയുടെ ഭാര്യാ സഹോദരൻ നിര്യാതനായി
തൊടുപുഴ: മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഭാര്യാസഹോദരനെ കരിമണ്ണൂരിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നെയ്യശ്ശേരി ആദംകുഴിയിൽ പരേതനായ പൗലോസിന്റെ മകൻ എ പി തോമസി (85)നെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്ന് പൊലീസ് അറിയിച്ചു.. പഞ്ചായത്തിലെ സമൂഹ അടുക്കളയിൽനിന്നാണ് ഭക്ഷണം എത്തിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഭക്ഷണവുമായെത്തിയ ആളാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. നെയ്യശേരി കുരുട്ടുകുന്നേൽ മറിയകുട്ടിയാണ് ഭാര്യ. മക്കൾ: നൈസി, റോയി, ജോബി, ബിനു. മരുമക്കൾ: മാത്യു, മിനി, ഡയാന. രമ്യ. ഏ. കെ. ആന്റണിയുടെ ഭാര്യ എലിസബത്തിനെ കൂടാതെ മറ്റ് സഹോദരങ്ങൾ: ജോണി (നെയ്യശേരി), അൽഫോൻസ (എറണാകുളം), മാർഗരറ്റ് (ഡൽഹി). യുവാവായിരിക്കെ കോഴിക്കോട് മുക്കത്ത് വാഹനകച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും അവിടെ താമസമാക്കുകയുമായിരുന്നു. പിന്നീട് ഭാര്യയും മക്കളുമായി വർഷങ്ങളായി തോമസ് അകന്നുകഴിയുകയായിരുന്നു. പത്ത് വർഷംമുമ്പ് തൊടുപുഴയിൽ തിരികെയെത്തി ലോഡ്ജിൽ കഴിഞ്ഞു. പിന്നീട് സ്വദേശമായ നെയ്യശേരിക്ക് സമീപമുള്ള കരിമണ്ണൂരിൽ ടൗണിലെ ലോഡ്ജിൽ താമസമാക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി പറഞ്ഞതായി ലോഡ്ജിലെ ജീവനക്കാർ പറഞ്ഞു.. വ്യാഴാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകിട്ടോടെ നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മക്കളുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു.