വാറ്റ്: വീട്ടമ്മയും യുവാവും പിടിയിൽ
വെള്ളറട: ചിലമ്പറയിൽ ആര്യങ്കോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എം പ്രദീപ് കുമാറിന്റെയും സബ് ഇൻസ്പെക്ടർ സജി ജി.എസിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന വീട്ടമ്മയെയും യുവാവിനെയും പിടികൂടി. ചിലമ്പറ കുരുതംകോട്ടുകുഴി മുരുത്തൻകോട് കുഴിവിള എസ്.എസ് ഭവനിൽ മഞ്ചു എന്നു വിളിക്കുന്ന സിനി (42), വെള്ളറട ആനപ്പാറ കെ. ജി.എസ് ഭവനിൽ വിശാഖ് (28 ) എന്നിവരെയാണ് കരിക്കോട്ടുകുഴിയിലുള്ള മഞ്ചുവിന്റെ വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരിക്കെ പിടികൂടിയത്. 75 ലിറ്റർ വാഷും പതിനായിരത്തോളം രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വിശാഖ് കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റെയ്ഡിന് സി.പി.ഒ സുരേഷ് കുമാർ, എസ്.സി.പി.ഒ ജയൻ, സി.പി.ഒ മാരായ അശ്വതി, മഞ്ചു, ശ്യാമളാദേവി തുടങ്ങിയവർ പങ്കെടുത്തു.