പലായനത്തിനിടെ വീണ്ടും ദുരന്തം: മദ്ധ്യപ്രദേശിലും യു.പിയിലും അപകടത്തിൽപ്പെട്ട് 14 കുടിയേറ്റത്തൊഴിലാളികൾ മരിച്ചു
ഭോപ്പാൽ: സ്വദേശത്തേക്കുള്ള കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തിനിടെ വീണ്ടും ദുരന്തം. മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും രണ്ട് വാഹനാപകടങ്ങളിലായി 14 കുടിയേറ്റത്തൊഴിലാളികൾ മരിച്ചു. 65ഓളം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിൽ നിന്ന് യു.പിയിലേക്ക് കുടിയേറ്റത്തൊഴിലാളികളുമായി സഞ്ചരിച്ച ബസ് മദ്ധ്യപ്രദേശിലെ ഗുണയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് എട്ടുപേർ മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അപകടം. 70 ഓളം തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. 60ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ഏറെയും. സംഭവത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചിച്ചു.
ബുധനാഴ്ച രാത്രി 12 മണിയോടെ ഉത്തർപ്രദേശ് മുസഫർനഗർ ഹൈവേയിൽ കാൽനടയായി ബീഹാറിലേക്ക് യാത്ര തിരിച്ച 6 കുടിയേറ്റത്തൊഴിലാളികളുടെ മേൽ അമിതവേഗതയിലെത്തിയ സംസ്ഥാന സർക്കാരിന്റെ ബസ് കയറിയിറങ്ങി 6 പേർ തത്ക്ഷണം മരിച്ചു. 5 പേർക്ക് പരിക്കേറ്റു. ലോക്ക് ഡൗണിനിടെ പഞ്ചാബിൽ കുടുങ്ങിയ തൊഴിലാളികൾ കൂട്ടത്തോടെ കാൽനടയായി സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ് കാലിയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മൂന്ന് കുടിയേറ്റത്തൊഴിലാളികളും നവജാതശിശുവും യു.പിയിൽ റോഡപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് യു.പിയിൽ കാൽനടയായി ആരും യാത്ര ചെയ്യരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപകടം. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേപാതയിൽ ഉറങ്ങിയിരുന്ന 16 കുടിയേറ്റത്തൊഴിലാളികൾ ചരക്ക് ട്രെയിൻ ഇടിച്ച് കൊല്ലപ്പെട്ടിരുന്നു.
യു.പി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.