അജയപ്രാണമാതാജി സമാധിയായി
തിരുവനന്തപുരം/തൃശൂർ:ശാരദാമിഷന്റെയും രാമകൃഷ്ണ ശാരദ മിഷന്റെയും ആഗോള ഉപാദ്ധ്യക്ഷ അജയപ്രാണ മാതാജി (93) തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ ഇന്നലെ സമാധിയായി.വാർദ്ധക്യ സഹജമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.ഭൗതികശരീരം തിരുവനന്തപുരം ശാരദാ മഠത്തിൽ പൊതു ദർശനത്തിനു വച്ചു.സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് തൃശൂർ പുറനാട്ടുകര ശാരദാശ്രമത്തിൽ നടക്കും
സ്വതന്ത്ര്യ സമര സേനാനി കൂറൂർ ഇല്ലത്തെ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും എറണാകുളം കണവല്ലിയിൽ കല്യാണിക്കുട്ടിഅമ്മയുടേയും മകളാണ്. 21 വർഷം പുറനാട്ടുകര ശ്രീശാരദാമഠം ഗേൾസ് ഹൈസ്‌കൂളിൽ ഫിസിക്‌സ് അദ്ധ്യാപികയായിരുന്നു.
1952-ൽ തൃശൂർ രാമകൃഷ്ണ ആശ്രമത്തിൽ ചേർന്നു.
1973-ൽ കൊൽക്കത്തയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് രാമകൃഷ്ണ ശാരദാമിഷന്റെ കേന്ദ്രം ആരംഭിച്ചു. 1982-ൽ ആസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ശാരദാ മഠത്തിന്റെ ശാഖ തുടങ്ങാൻ യാത്രയായി. മുപ്പതുവർഷക്കാലം വിദേശരാജ്യങ്ങളിൽ ശ്രീരാമകൃഷ്ണ ദേവന്റെയും ശാരദാ ദേവിയുടെയും സ്വാമി വിവേകാനന്ദന്റേയും സന്ദേശം പ്രചരിപ്പിച്ചു.
2011-ൽ മടങ്ങിവന്ന മാതാജി തൃശൂർ ശാരദാ മഠത്തിന്റെ അദ്ധ്യക്ഷയായി. അനാരോഗ്യം കാരണം കൂടുതൽ സമയം തിരുവനന്തപുരം കേന്ദ്രത്തിലായിരുന്നു. ഭാരതത്തിലും വിദേശത്തുമായി നൂറുകണക്കിന് ഭക്തർ മാതാജിയിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചിട്ടുണ്ട്.നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.