സൂഫിയും സുജാതയും ആമസോൺ റിലീസിന്

Saturday 16 May 2020 2:31 AM IST

jayasoorya

കൊവിഡ് - 19 എന്ന മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടിയ തിയേറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടയിൽ ജയസൂര്യ നായകനായ സൂഫിയും സുജാതയും ഡിജിറ്റൽ പ്ളാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ പ്രീമിയർ റിലീസ് ആമസോൺ പ്രൈമിൽ ഉടനുണ്ടാകും. വൻ വില നൽകിയാണ് ആമസോൺ ചിത്രത്തിന്റെ അവകാശം വാങ്ങിയതെന്നാണ് സൂചന. അതിഥി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക.

തമിഴിൽ ജ്യോതിക നായികയാകുന്ന പൊൻമകൾ വന്നാൻ, കീർത്തി സുരേഷ് നായികയാകുന്ന പെൻഗ്വിൻ, ഹിന്ദിയിൽ വിദ്യാബാലൻ നായികയാകുന്ന ശകുന്തളാദേവി, ആയുഷ്‌മാൻ ഖുറാന നായകനാകുന്ന ഗുലാബോ സിതാബോ, കന്നഡയിലെ ഫ്രഞ്ച് ബിരിയാണി എന്നീ ചിത്രങ്ങളും ആമസോണിൽ പ്രീമിയർ റിലീസിന് ഒരുങ്ങുകയാണ്.