ഇവിടെ കഴിക്കാനൊന്നൂല്ലാ.... ഭീമൻ പാണ്ടകളെ കാനഡ തിരിച്ചയയ്ക്കുന്നു

Saturday 16 May 2020 1:23 AM IST

PANDA

ഒട്ടാവ: ചൈനയിൽ നിന്നും എത്തിച്ച രണ്ട് ഭീമൻ പാണ്ടകളെ തിരിച്ചയ്ക്കാനൊരുങ്ങി കാനഡ. കാനഡയിലെ കാൽഗറി മൃഗശാലയിലെ പാണ്ടകളെയാണ് തിരികെ അയക്കാൻ നീക്കമാരംഭിച്ചത്. കൊവിഡ് -19 മൂലം വിമാന സർവ്വീസ് പൂർണമായും നിലച്ചതോടെ അവയ്ക്ക് തിന്നാനുള്ള മുള ലഭിക്കുന്നില്ല എന്നതാണ് കാരണം. ടൊറന്റോ മൃഗശാലയിൽ അഞ്ച് വർഷം ചെലവഴിച്ച ശേഷമാണ് എർ ഷുൻ,​ ഡാ മാവോ എന്നു പേരുള്ള പാണ്ടകളെ 2018 ൽ കാൽഗറിയിൽ എത്തിക്കുന്നത്. 2023 വരെ അവർ ആൽബർട്ട നഗരത്തിൽ തുടരേണ്ടതായിരുന്നു.

പ്രധാന ഭക്ഷണ സ്രോതസ്സായ മുള വാങ്ങുന്നതിനുള്ള ഗതാഗത തടസങ്ങൾ മറികടക്കാൻ മാസങ്ങൾ നീണ്ട ശ്രമങ്ങൾ നടത്തിയെന്നും, അതിൽ പൂർണമായും പരാജയപ്പെട്ടതിനാൽ മുള സമൃദ്ധമായി ലഭിക്കുന്ന ചൈനയിലേക്കുതന്നെ തിരിച്ചയക്കുന്നതാണ് നല്ലതെന്നും തീരുമാനിച്ചതായി മൃഗശാലയുടെ പ്രസിഡന്റ് ക്ലെമൻറ് ലാന്റിയർ പറഞ്ഞു. 'നമുക്ക് പ്രധാനം അവയുടെ ജീവനും ആരോഗ്യവുമാണ്. അതിന് പ്രാധാന്യം നൽകുന്ന തരത്തിലുള്ള കടുത്ത തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ മൃഗങ്ങളെ പരിപാലിക്കുന്നുവെന്ന് പറയുന്നതിൽ അര്‍ത്ഥമില്ല.' അദ്ദേഹം പറയുന്നു.

ഓരോ മുതിർന്ന പാണ്ടയും ഒരു ദിവസം 40 കിലോഗ്രാം മുളവരെ അകത്താക്കും. പാണ്ഡകളെ പ്രദർശിപ്പിക്കുന്ന ഫ്രാൻസ്, സ്പെയിൻ അടക്കമുള്ള രാജ്യങ്ങളിൽ മുള പ്രാദേശികമായി വളർത്താം. എന്നാൽ കാനഡയിലെ പരിസ്ഥിതി അതിന് അനുയോജ്യമല്ല.