കൊവിഡ് : സൗദിയിലും കുവൈറ്റിലും മരണസംഖ്യ കൂടുന്നു

Saturday 16 May 2020 2:31 AM IST

COVID DEATH IN GULF

റിയാദ്: ഗൾഫ് മേഖലയിൽ ആശങ്ക വിതച്ച്, സൗദിയിലും കുവൈറ്റിലും കൊവിഡ് മരണസംഖ്യ കൂടുന്നു.. സൗദിയിൽ മരണസംഖ്യ 283ഉം കുവൈറ്റിൽ 88ഉം ആയി. സൗദിയിൽ 2,000ലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 46,860 ആയി ഉയർന്നു. അതേസമയം, കുവൈറ്റിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 4,000 കടന്നു.

സൗദിയിൽ കർഫ്യു ഇളവ് അനുവദിച്ചതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് രോഗസംഖ്യ ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഖത്തറിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 28,272. പതിനാല് പേർ മരിച്ചു. ബഹ്റൈനിൽ രോഗബാധിതരുടെ എണ്ണം 6198 ഉം മരണസംഖ്യ 10ഉം ആണ്. ഒമാനിൽ 31 കാരനായ വിദേശി മരിച്ചതോടെ ആകെ മരണസംഖ്യ 19 ആയി. 4625 പേരാണ് ആകെ രോഗബാധിതർ. 1,303 പേർ സുഖം പ്രാപിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിതരുടെ എണ്ണം 1,80,000 കടന്നു. സൗദി, ഖത്തർ, യുഎഇ എന്നിവിടങ്ങളിലാണ് ഗൾഫിലെ രോഗബാധിതരിലേറെയും.

പിഴശിക്ഷകളൊഴിവാക്കി യു.എ.ഇ

യു.എ.ഇയിൽ വീസ കാലാവധിയുമായി ബന്ധപ്പെട്ട എല്ലാ പിഴശിക്ഷകളും താത്ക്കാലികമായി ഒഴിവാക്കി. താമസ, സന്ദർശക വീസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. മലയാളികളടക്കം ഒട്ടേറെ പ്രവാസികൾക്ക്

പൊതുമാപ്പ് കാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളോടെയാണ് പുതിയ ഉത്തരവ്. അനധികൃതമായി യു.എ.ഇയിൽ കഴിയുന്നവർക്ക് പിഴശിക്ഷയില്ലാതെ രാജ്യം വിടാൻ ഈ മാസം 18 മുതൽ മൂന്ന് മാസത്തെ സമയം അനുവദിച്ചു. ഇവർക്ക് തിരികെ യു.എ.ഇയിലെത്തുന്നതിനും വിലക്കുണ്ടാകില്ല. എമിറേറ്റ്സ് ഐഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്കേണ്ടതില്ല.